
എട്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് സന്തോഷ് ട്രോഫി ഫൈനലിൽ കണ്ണീർമടക്കം. എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസ് കേരളത്തെ പരാജയപ്പെടുത്തിയത്. ഇതോടെ സന്തോഷ് ട്രോഫിയിൽ തങ്ങളുടെ എട്ടാം കിരീടം സർവീസസ് സ്വന്തമാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് ഫൈനലിൽ കേരളത്തിന് തോൽവി വഴങ്ങേണ്ടി വരുന്നത്. കഴിഞ്ഞ വർഷം ബംഗാളിനോടായിരുന്നു കേരളത്തിന്റെ പരാജയം.
ധാക്കുവഖാന ഫുട്‌ബോൾ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി തുടക്കം മുതൽ ഇരു ടീമുകളും ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരളത്തിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും നിർഭാഗ്യം തിരിച്ചടിയായി. 27-ാം മിനിറ്റിൽ അർജുന്റെ കരുത്തുറ്റ ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടിത്തെറിച്ചതും, 41-ാം മിനിറ്റിൽ ഷിജിന്റെ ഹെഡർ ലക്ഷ്യം കാണാതെ പോയതും കേരളത്തിന് കനത്ത ആഘാതമായി.
രണ്ടാം പകുതിയിലും പോരാട്ടം കടുത്തെങ്കിലും നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. കേരളം വിഘ്‌നേഷിനെയും മുഹമ്മദ് സിനാനെയും കളത്തിലിറക്കി കളം പിടിക്കാൻ ശ്രമിച്ചെങ്കിലും സർവീസസ് പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. നിശ്ചിത സമയത്തും ഇഞ്ചറി ടൈമിലും ഗോൾ പിറക്കാതിരുന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.
ഒടുവിൽ 109-ാം മിനിറ്റിൽ കേരളത്തിന്റെ നെഞ്ചുതകർത്ത് സർവീസസിന്റെ വിജയഗോൾ പിറന്നു. അഭിഷേക് പവാർ ഉതിർത്ത തകർപ്പൻ ഷോട്ട് കേരളത്തിന്റെ ഗോൾവല കുലുക്കി. തിരിച്ചടിക്കാൻ കേരളം കിണഞ്ഞു ശ്രമിച്ചെങ്കിലും സമയം അതിക്രമിച്ചിരുന്നു. ഒരൊറ്റ ഗോളിൽ കേരളത്തിന്റെ എട്ടാം കിരീടമോഹങ്ങൾ തകർത്ത് സർവീസസ് ചാമ്പ്യന്മാരായി.