Kerala Local Election 2025| ഇനിയും ചേരാം വോട്ടര്‍ പട്ടികയില്‍… നവംബര്‍ 4, 5 തീയതികളില്‍ അവസരം.

Jaihind News Bureau
Monday, November 3, 2025

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും നവംബര്‍ 4, 5 തീയതികളില്‍ അവസരം. മട്ടന്നൂര്‍ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയിലാണ് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുക എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

2025 ഒക്ടോബര്‍ 25-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും, 2025 ജനുവരി ഒന്നിനോ അതിനുമുന്‍പോ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും ഈ ദിവസങ്ങളില്‍ പേര് ചേര്‍ക്കാം. അനര്‍ഹരായവരെ ഒഴിവാക്കാനും, നിലവിലുള്ള വിവരങ്ങളില്‍ ഭേദഗതി വരുത്താനും, സ്ഥാനമാറ്റം വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രവാസി ഭാരതീയര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.

അപേക്ഷകള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://sec.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടിസില്‍ പറയുന്ന തീയതിയില്‍ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകണം. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകള്‍ നവംബര്‍ 14-ന് പ്രസിദ്ധീകരിക്കും. ഈ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി ലഭിക്കും.