തദ്ദേശപ്പോരില്‍ ആര്?; ആകാംക്ഷയോടെ കേരളം; ഫലം രാവിലെ 8 മണി മുതല്‍; വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളില്‍

Jaihind News Bureau
Saturday, December 13, 2025

 

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. സംസ്ഥാനത്തുടനീളം 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വരണാധികാരിയുടെ ടേബിളില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും, തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളുമാണ് എണ്ണുക. സ്ഥാനാര്‍ഥികളുടെയോ അവര്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും ഓരോ ടേബിളിലെയും വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കുക. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടേയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ വേര്‍തിരിച്ച് ലഭ്യമാകും.

ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയെന്ന പ്രത്യേകതയുമുണ്ട്. രണ്ട് ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ ആകെ 73.69 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെ വോട്ട് ചെയ്തവരുടെ എണ്ണം 2,10,79,609 ആണ്. 2020-ലെ തിരഞ്ഞെടുപ്പില്‍ 2,10,05,743 വോട്ടര്‍മാരായിരുന്നു വോട്ട് ചെയ്തിരുന്നത്. അതായത്, കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ 73,866 വോട്ടുകളാണ് അധികമായി പോള്‍ ചെയ്തത്. ഇത് തിരഞ്ഞെടുപ്പിനോടുള്ള ജനങ്ങളുടെ താത്പര്യത്തെയാണ് സൂചിപ്പിക്കുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങളില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മിതത്വം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. പൊതുനിരത്തുകളിലും ജംങ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്. പടക്കം, വെടിക്കെട്ട് എന്നിവ നിയമാനുസൃതമായി മാത്രമേ പാടുള്ളൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹരിതച്ചട്ടം, ശബ്ദനിയന്ത്രണ നിയമങ്ങള്‍, പരിസ്ഥിതി നിയമങ്ങള്‍ എന്നിവ ആഹ്ലാദപ്രകടനങ്ങളില്‍ കര്‍ശനമായി പാലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു.