
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ആവേശം അലതല്ലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലായി ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലേക്കാണ് ജനങ്ങള്‍ ഇന്ന് തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. 36,630 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പോളിംഗ് വൈകീട്ട് 6 മണി വരെ തുടരും.
1.32 കോടിയിലധികം വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താനായി 15,432 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, 480 പ്രശ്‌നബാധിത ബൂത്തുകളാണ് ആദ്യഘട്ടത്തില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ പ്രത്യേക പൊലീസ് സുരക്ഷ, വെബ് കാസ്റ്റിംഗ്, വീഡിയോ ഗ്രാഫി എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ തടസ്സമില്ലാതെ, സുതാര്യമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അതേസമയം, സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.