Kerala Local body Election | കൊച്ചി കോര്‍പ്പറേഷന്‍: കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; 40 പേരില്‍ 22 പേരും വനിതകള്‍

Jaihind News Bureau
Tuesday, November 11, 2025

കൊച്ചി കോര്‍പ്പറേഷനിലെ  ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ 40 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള ഡിവിഷനിലെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. ജനറല്‍ വിഭാഗത്തില്‍ 3 വനിതകളാണ് ഇടം പിടിച്ചിരിക്കുന്നത്. ഇരട്ട എന്‍ജിന്‍ ഭരണം ഉണ്ടായിരുന്നിട്ടും കൊച്ചി കോര്‍പറേഷനില്‍ വികസനം നടത്തിയിട്ടില്ലെന്നും മറിച്ച് അഴിമതിയാണ് നടത്തിയിട്ടുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു

കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മൂന്നു ജനറല്‍ സീറ്റില്‍ വനിതകളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ 65 സീറ്റില്‍ 40 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇന്ന് പ്രഖ്യാപിച്ച 40 പേരില്‍ 22 പേര്‍ വനിതകളാണ്. ജനറല്‍ വിഭാഗത്തില്‍ വരുന്ന മൂന്നു ഡിവിഷനുകളായ സ്റ്റേഡിയം ഡിവിഷനില്‍ ദീപ്തി മേരി വര്‍ഗീസും പുതുക്കലവട്ടത്ത് സീന ഗോകുലനും മൂലങ്കുഴിയില്‍ ഷൈല തദേവൂസും മത്സരിക്കും. ടോണി ചമ്മിണിയും സൗമിനി ജയിനും മേയര്‍ ആയിരുന്നപ്പോള്‍ കൊണ്ടുവന്ന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതല്ലാത്ത മറ്റൊന്നും കോര്‍പറേഷനിലെ നിലവിലെ ഇടതുപക്ഷ ഭരണകൂടം കൊണ്ട് വന്നിട്ടില്ലെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു

ഫോര്‍ട്ട് കൊച്ചി കൗണ്‍സിലറായിരുന്ന പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഇത്തവണ ഐലന്‍ഡ് നോര്‍ത്തിലും കത്രിക്കടവില്‍ വിജയിച്ച എം.ജി.അരിസ്റ്റോട്ടില്‍ കലൂര്‍ സൗത്തിലും മത്സരിക്കും. എറണാകുളം നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയായ മനു ജേക്കബ് ഇത്തവണ എറണാകുളം സെന്‍ട്രലിലേക്കാണ് മാറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈപ്പിനില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ദീപക് ജോയി ഇത്തവണ അയ്യപ്പന്‍കാവ് ഡിവിഷനില്‍ മത്സരിക്കും. ആകെയുള്ള 76-ല്‍ 65 എണ്ണത്തില്‍കോണ്‍ഗ്രസ് മത്സരിക്കും. മുസ്ലിം ലീഗിന് ഏഴ്, കേരള കോണ്‍ഗ്രസിന് 3 ആര്‍എസ്പി 1 എന്നിങ്ങനെയാണ് സീറ്റുവിഭജനം.