പുതിയ മദ്യത്തിന് പേര് തേടുന്നത് യുവതലമുറയെ വഴിതെറ്റിക്കാന്‍; സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം: ഗാന്ധിദര്‍ശന്‍ സമിതി

Jaihind News Bureau
Friday, January 2, 2026

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കി പരസ്യം നല്‍കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റി രംഗത്ത്. പുതിയ തലമുറയെ മദ്യലഹരിക്ക് അടിമപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സമിതി ആരോപിച്ചു.

യുവതലമുറയെ ലഹരിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സര്‍ക്കാര്‍ തന്നെ, സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടുന്നത് ലഹരി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. ഇത്തരമൊരു നടപടിയിലൂടെ സമൂഹത്തോട് മൊത്തത്തില്‍ തെറ്റായ സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും സമിതി വിമര്‍ശിച്ചു.

ഈ ജനവിരുദ്ധ തീരുമാനത്തില്‍ നിന്ന് എക്‌സൈസ് വകുപ്പ് മന്ത്രി അടിയന്തരമായി പിന്തിരിയണമെന്നും കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും ഗാന്ധിദര്‍ശന്‍ സമിതി ആവശ്യപ്പെട്ടു. ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി. കബീര്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രതിഷേധം അറിയിച്ചത്.