സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ സര്‍വ്വേയിലെ വിവരങ്ങള്‍ കാനഡയിലെ ഗവേഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്നുവെന്ന വിവരം പുറത്ത് വിട്ട് കാരവന്‍ മാഗസിന്‍ കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് വിവരങ്ങള്‍ കൈമാറുന്നതായാണ് മാഗസിന്‍റെ വെളിപ്പെടുത്തല്‍.
ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്‍ മുന്‍കൈ എടുത്താണ് പദ്ധതി പഴയ ഗവേഷകര്‍ക്ക് നല്‍കിയത്. പോപ്പുലേഷന്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തലവനും മാക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ഹാമിള്‍ട്ടണിലെ ഗവേഷണവിഭാഗം വൈസ് പ്രസിഡന്‍റുമായ സലീം യൂസഫുമായി ചേര്‍ന്ന് നീക്കം നടത്തി. ആരോഗ്യരംഗത്തെ ഗവേഷണവും മരുന്ന് പരീക്ഷണവും നടത്തുന്ന ആശുപത്രികളുടെ ശൃംഖലയായ ഹാമിള്‍ട്ടണ്‍ ഹെല്‍ത്ത് സയന്‍സുമായി ബന്ധമുള്ളതാണ് മാക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയെന്ന് കാരവാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ കെ. വിജയകുമാര്‍, അച്യുതമേനോന്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ നിന്നും വിരമിച്ച പ്രൊഫസര്‍ കെ.ആര്‍. തങ്കപ്പന്‍ എന്നിവരുമായും ഇമെയില്‍, കത്തുകള്‍ എന്നിവ വഴി ബന്ധപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ നിർത്തിവച്ച പദ്ധതിയാണ് ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പുതിയ പേരില്‍ ആരംഭിച്ചത്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്‍, യുഡിഎഫ് സർക്കാർ പദ്ധതി നിര്‍ത്തിവെച്ചതോടെ കേന്ദ്ര സര്‍വീസിലേക്ക് പോയെങ്കിലും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മടങ്ങിയെത്തുകയായിരുന്നു. വിജയകുമാര്‍ പി.എച്ച്.ആര്‍.ഐ പ്രോഗ്രാം കോര്‍ഡിനേറ്ററോട് രാജീവ് സദാനന്ദന്‍ തിരിച്ചെത്തിയെന്നും പദ്ധതിയുമായി മുന്നോട്ട് പോയാലോ എന്ന് അന്വേഷിച്ചതായും കാരവാന്‍ റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിയെയും കൂടെ നിര്‍ത്താനായാല്‍ തുടങ്ങാമെന്ന് സലിം യൂസഫ് മറുപടി നല്‍കി. മാധ്യമങ്ങളെ കൂടെനിര്‍ത്താനുള്ള കാര്യങ്ങളും ആലോചിക്കണമെന്നും പറയുന്നു.
സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തയ്യാറായി. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ഡാറ്റ കൈമാറ്റമെന്ന ആവശ്യം സലിം യൂസഫ് മുന്നോട്ട് വെച്ചിരുന്നു. പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളെക്കുറിച്ചായിരുന്നു പഠനം. പദ്ധതിയില്‍ കനേഡിയന്‍ റിസര്‍ച്ച് സ്ഥാപനവുമായി സഹകരിക്കുന്ന കാര്യം സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല.