കനത്ത മഴയില്‍ വിറങ്ങലിച്ച് കേരളം: 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു

Jaihind Webdesk
Tuesday, July 30, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ നാളെയും തുടരുമെന്ന കാലാവസ്ഥാ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, പാലക്കാട്, കാസറഗോഡ്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും.

നിലവില്‍ ജില്ലകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്‍ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 ന് അവധിയായിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്‍സി അറിയിച്ചു. കാലവര്‍ഷ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.