കൊവിഡ് മഹാമാരിയെ രാഷ്ട്രീയമായി ഉപയോഗിച്ച ലോകത്തെ ഏക സ്ഥലമായി കേരളം മാറി : ബെന്നി ബെഹനാൻ

Jaihind News Bureau
Friday, January 29, 2021

കൊവിഡ് മഹാമാരിയെ രാഷ്ട്രീയമായി ഉപയോഗിച്ച ലോകത്തെ ഏക സ്ഥലമായി കേരളം മാറിയെന്ന് ബെന്നി ബെഹന്നാൻ എം.പി.രാജ്യത്ത് ദിനംപ്രതി ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്നും, മഹാമാരിയെ പിടിച്ച് നിർത്താൻ സർക്കാറിന് കഴിയുന്നില്ലെന്നും ബെന്നി ബെഹന്നാൻ എം.പി. കൊച്ചിയിൽ പറഞ്ഞു.

രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ നാൽപ്പത് ശതമാനത്തിലധികം കേരളത്തിലാണ്. കൊവിഡ് വ്യാപിച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളം പുറകിലായിരുന്നു. എന്നാൽ ഇന്ന് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യത്തെ ആദ്യ പത്ത് ജില്ലകളിൽ ഏഴും സംസ്ഥാനത്താണ്. കൊറോണയുടെ പേരിൽ പി.ആർ വർക്ക് നടത്തി ലോകത്തെ തെറ്റിദ്ധരിപ്പിച്ച് സർക്കാർ അവാർഡുകൾ വാങ്ങി. എന്നാൽ മഹാമാരി തടഞ്ഞ് നിർത്താൻ കഴിയാത്ത സാഹചര്യത്തിൽ അവാർഡുകൾ തിരിച്ച് നൽകി ജനങ്ങളോടും അവാർഡ് നൽകിയവരോടും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും മാപ്പ് പറയണമെന്ന് ബെന്നി ബെഹന്നാൻ എം.പി. ആവശ്യപ്പെട്ടു.

വേണ്ടത്ര ടെസ്റ്റ് നടത്താതെ കള്ളക്കണക്ക് നൽകി സർക്കാർ ജനങ്ങളെ പറ്റിക്കുകയാണെന്നും സംസ്ഥാനത്ത് മരണസംഖ്യ കുറയാൻ കാരണം ജനങ്ങളുടെ ശ്രദ്ധ കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർക്കാർ ആഗ്രഹിക്കുന്നത് ഭീകര സാഹചര്യമാണ്. സംസ്ഥാനത്തുണ്ടായ ഒരു പ്രതിസന്ധിയേയും കാര്യക്ഷമമായി നേരിടാൻ സർക്കാറിന് കഴിഞ്ഞില്ലന്നും ബെന്നി ബെഹന്നാൻ കുറ്റപ്പെടുത്തി. സംസ്ഥാന ബജറ്റിൽ കൊറോണ ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ സർക്കാൻ തയ്യാറാവേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.