
പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിലക്കയറ്റം, ലഹരിമാഫിയ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ തകര്‍ച്ച എന്നിവ ചൂണ്ടിക്കാട്ടി സംസ്ഥാനം എല്ലാ രംഗത്തും അപകടകരമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജെബി മേത്തര്‍ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ പ്രധാന ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. വിലക്കയറ്റം രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ സപ്ലൈകോയെ തകര്‍ത്ത് തരിപ്പണമാക്കി. കേരളം ഇന്ന് ലഹരിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ലഹരി മാഫിയയ്ക്ക് സംരക്ഷണം നല്‍കുന്നത് സി.പി.എമ്മാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യ കേരളം ഇന്ന് വെന്റിലേറ്ററിലാണ്. അതുപോലെ ഉന്നത പൊതുവിദ്യാഭ്യാസരംഗം കടുത്ത തകര്‍ച്ചയിലാണ്. തീരദേശ മേഖലയാകട്ടെ വറുതിയിലാണ്. ഈ സര്‍ക്കാര്‍ ജനങ്ങളുടെയും സ്ത്രീകളുടെയും മുന്നില്‍ പ്രതിക്കൂട്ടിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്തെ ഈ അപകടകരമായ സ്ഥിതിയില്‍ ജനങ്ങള്‍ സര്‍ക്കാരിനെതിരെ വിധിയെഴുതും. വരുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നൂറിലേറെ സീറ്റുമായി തിരിച്ചു വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.