കേരളം ഭരിക്കുന്നത് ജനവിരുദ്ധ സര്‍ക്കാര്‍; ഇടത് സര്‍ക്കാരിന് അവകാശപ്പെടാന്‍ ഒന്നുമില്ല: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Tuesday, May 20, 2025

ജനവിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ വാര്‍ഷികത്തില്‍ കേരളത്തിലെ ജനങ്ങളെ നടുക്കുന്ന സംഭവവികാസങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പിണറായി സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നില്ലെന്നും പട്ടികജാതിക്കാരുടെ ബഡ്ജറ്റില്‍ അവതരിപ്പിച്ച തുക പോലും വെട്ടിക്കുറക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം, നവകേരള സദസ്സ് തുടങ്ങിയ പരിപാടികളെ സണ്ണി ജോസഫ് വിമര്‍ശിച്ചു. പിണറായി സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കു വേണ്ടി കോടിക്കണക്കിന് രൂപയാണ് ചിലവഴിക്കുന്നത്. ഇപ്പോള്‍ കോടികള്‍ ചിലവഴിച്ച് ആര്‍ഭാടമായി സര്‍ക്കാര്‍ വാര്‍ഷികം കൊണ്ടാടുന്നു. നവ കേരള സദസ്സിന് സര്‍ക്കാര്‍ എത്ര കോടി ചിലവഴിച്ചു എന്ന് വിശദീകരിക്കണമെന്നും അതുകൊണ്ട് കേരളത്തില്‍ എന്തെങ്കിലും പ്രയോജനമുണ്ടായോ എന്നും അദ്ദേഹം ചോദിച്ചു. നവകേരള സദസിന്റെ മറ്റൊരു പതിപ്പാണ് ഈ വാര്‍ഷികാഘോഷമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ മോഖലയിലും കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ സണ്ണി ജോസഫ് എംഎല്‍എ തുറന്നുകാട്ടി. സംസ്ഥാനത്ത് ലഹരി മാഫിയ അഴിഞ്ഞാടുകയാണെന്നും ക്രമസമാധാന തകര്‍ച്ചയില്‍ കേരളം നട്ടം തിരിയുകയാണെന്നും ഇത്തരത്തിലുള്ള ജനകീയ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘വിദ്യാഭ്യാസ മേഖല ആന കയറിയ കരിമ്പിന്‍തോട്ടം പോലെയായി. കലാലയങ്ങളെ കലാപ കേന്ദ്രമാക്കുന്നു. കൂടാതെ സര്‍ക്കാര്‍ ആശുപത്രികള്‍ അനാരോഗ്യത്തിന്റെ പിടിയിലാണ്. അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പോലും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. സാധാരണക്കാരന്റെ നികുതിപ്പണം അംബാനിയുടെ കമ്പനിയില്‍ നിക്ഷേപിച്ച് കെഎഫ്‌സി കോടികളുടെ നഷ്ടമാണുണ്ടാക്കുന്നത്’- അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുവാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും മാസപ്പടിയും കോവിഡ് കാലത്തെ കൊള്ളയും കെഎഫ്‌സി അഴിമതിയും ‘അഡ്മിറ്റഡ് ഫാക്ട’ാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാക്കുന്നതിനുള്ള പരിപാടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതിരുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ദുഷ്ടലാക്കണെന്നും കേരളത്തിന്റെ വികസനത്തില്‍ യുഡിഎഫ് മുന്നോട്ടുവച്ച വന്‍കിട പദ്ധതികളല്ലാതെ ഇടത് സര്‍ക്കാരിന് അവകാശപ്പെടുവാന്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.