Sunny Joseph| കേരളം ഭരിക്കുന്നത് ജനകീയ പ്രശ്നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാര്‍; കോണ്‍ഗ്രസിന്റെ വയനാട് സമരസംഗമത്തില്‍ പ്രതിഷേധമിരമ്പി

Jaihind News Bureau
Tuesday, July 15, 2025

ജനകീയ പ്രശ്നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ.  വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍ എം എല്‍ എ, ഷാഫി പറമ്പില്‍ എം പി, എം എല്‍ എ മാരായ അഡ്വ. ടി സിദ്ധിഖ്, അഡ്വക്കേറ്റ് സജീവ് ജോസഫ്, ഐ.സി. ബാലകൃഷ്ണന്‍ തുടങ്ങിയവരും പരിപാടിയില്‍ സംസാരിച്ചു

വയനാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ ഏറ്റവുമധികം അഭിമുഖീകരിക്കുന്ന വിഷയമാണ് വന്യമൃഗശല്യം. ജനപ്രതിനിധികള്‍ തുടര്‍ച്ചയായി വിഷയം നിയമസഭയില്‍ അവതരിപ്പിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നുമുണ്ടായില്ല. പ്രതിപക്ഷം ഉത്തരവാദിത്വത്തോടെ ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പോലും നിസംഗത പുലര്‍ത്തുന്ന സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞു

വയനാട് പാക്കേജ് എത്രയോ ബജറ്റില്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഒന്നും നടന്നില്ല. കാര്‍ഷികമേഖല വലിയ പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം, തൊഴിലില്ലായ്മ, വികസനരംഗത്തെ നിഷ്‌ക്രിയ നടപടികള്‍ ഉള്‍പ്പെടെ, യഥാസമയം പെന്‍ഷന്‍ നല്‍കാത്തതും, ആശാവര്‍ക്കര്‍മാരുടെ സമരമടക്കം നിരവധിയായ വിഷയങ്ങളാണ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് പരിഹാരം കാണാതെ കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണാത്ത സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് നിലമ്പൂരിലെ യു ഡി എഫിന്റെ ഉജ്വലവിജയം. വിവിധങ്ങളായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍ എം എല്‍ എ, ഷാഫി പറമ്പില്‍ എം പി, എം എല്‍ എ മാരായ അഡ്വ. ടി സിദ്ധിഖ്, അഡ്വക്കേറ്റ് സജീവ് ജോസഫ്, ഐ.സി. ബാലകൃഷ്ണന്‍ തുടങ്ങിയവരും പരിപാടിയില്‍ സംസാരിച്ചു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പി.കെ.ജയലക്ഷ്മി, പി. ടി. ഗോപാലക്കുറുപ്പ്, കെഎല്‍ പൗലോസ്, ടി.ജെ. ഐസക്, വി എ. മജീദ്, കെ. വി. തുടങ്ങിയവര്‍ പങ്കെടുത്തു .