കേരളം രാഷ്ട്രീയ കുരുതിക്കളം; കൊലപാതകങ്ങളെ അപലപിച്ച് വിഎം സുധീരന്‍

Jaihind Webdesk
Sunday, December 19, 2021

 

ആലപ്പുഴയിലെ കൊലപാതകങ്ങളെ  അപലപിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കേരളം രാഷ്ട്രീയ കുരുതിക്കളമായി മാറിയിരിക്കുന്ന അത്യന്തം ആപത്കരമായ സ്ഥിതിവിശേഷം തുടരുന്നതിന്‍റെ ഏറ്റവുമൊടുവിലത്തെ സംഭവങ്ങളാണ് ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് വിഎം സുധീരന്‍ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്‍റെ ഗുരുതര വീഴ്ചയാണ് ചോരക്കളിക്ക് ഇടയാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി..

24 മണിക്കൂറിനകം എസ്ഡിപിഐ- ആർഎസ്എസ് പ്രവർത്തകരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങളെ ശക്തിയായി അപലപിക്കുന്നു. രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്‍റെ പേരിൽ ജീവൻ നഷ്ടപ്പെടുന്നത് വളരെയേറെ വേദനാജനകമാണ്. ആ കുടുംബങ്ങളുടെ തീരാ ദുഃഖത്തിൽ പങ്കുചേരുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നതിന് പ്രധാനകാരണം ഇത്തരം കേസുകളിൽ നീതിപൂർവവും നിഷ്പക്ഷവുമായി പോലീസിന് പ്രവർത്തിക്കാനും യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കഴിയുന്നില്ലെന്നതുമാണ്.

പൊലീസ് സംവിധാനത്തിന്‍റെ യഥാസമയം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിലുള്ള ഗുരുതരമായ വീഴ്ച തന്നെയാണ് ഈ ചോരക്കളിക്ക് ഇടവരുത്തുന്നത്. ഇനിയെങ്കിലും നിയമാനുസൃതം  ചുമതലകൾ നിറവേറ്റാനും യഥാർത്ഥ കുറ്റവാളികളെ പിടികൂടി നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിനും പൊലീസിനും  ആഭ്യന്തരവകുപ്പിനും കഴിഞ്ഞേ മതിയാകൂവെന്നും വിഎം സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.