പ്രളയഭീതി ഒഴിയാതെ സംസ്ഥാനം. മഴക്കെടുതിയിൽ മരണം 96 ആയി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ മരണം 95 ആയി. വരും മണിക്കൂറിൽ തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോടും മലപ്പുറത്തും ഇന്ന് റെഡ് അലേർട്ട്. അതേസമയം, 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

വയനാട് മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം, പുത്തുമലയിൽ ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെയെന്ന് ജില്ലാ ഭരണകൂടം. മുപ്പതിനായിരത്തിൽപരം ആളുകളാണ് ഇവിടെ 196 കാമ്പുകളിലായി ഉള്ളത്.

മലപ്പുറത്ത് മഴ മാറി നിന്നത് കവളപ്പാറയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് സഹായകരമായി. വെള്ളം ഇറങ്ങി തുടങ്ങിയതോടെ വീടുകളിലേക്ക് ആളുകൾ മടങ്ങി. ക്യാപുകളുടെ എണ്ണം കുറഞ്ഞു. ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജാഗ്രതയിലാണ് ജില്ല. റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻ കരുതൽ നടപടികൾ ജില്ലാ ഭരണ കൂടം സ്വീകരിച്ചുവരികയാണ്. മഴ ശക്തമാവുകയാണെങ്കിൽ കവളപ്പാറയിലുൾപ്പെടെയുള്ള തെരച്ചിലിനെ അത് സാരമായി ബാധിക്കും.

കോഴിക്കോട് ജില്ലയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും ഇപ്പോഴും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ മഴ ശക്തമാകുന്നത് കോഴിക്കോട് ജില്ലയെ ആശങ്കയിലാക്കുകയാണ്

തൃശ്ശൂർ ജില്ലയിൽ മഴക്കെടുതിമൂലം മരിച്ചവരുടെ എണ്ണം 8ആയി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ 245ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി നിന്നായി 47000ഓളം പേരാണ് കഴിയുന്നത്.

ഇടുക്കി ജില്ലയിലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നു. മഴ ഇടവിട്ട് പെയ്യുന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ് ഉയരുന്നത് പെരിയാർ തീരങ്ങളിൽ കനത്ത ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പും നൽകാത്തത് പ്രതിഷേധത്തിനും കാരണമാകുന്നു. മലയോര മേഖലയിൽ റോഡുകളിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങളും പാറകളും അപകടഭീഷണി ഉയർത്തുന്നുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് ഇനിയൊരു അപകടം ഉണ്ടാകുന്നതിനുമുമ്പ് ഇവ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്

മീനച്ചിലാർ കരകവിഞ്ഞതിനെത്തുടർന്ന് ഈരാട്ടുപേട്ട പാലാ റോഡിൽ വെള്ളം കയറി. വ്യാപാരികൾ സാധനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു.

കൊല്ലത്ത് നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 473 പേരെ മാറ്റി പാർപ്പിച്ചു. പള്ളിക്കലാറിലെ ജലനിരപ്പ് ഉയർന്ന് വീടുകളിൽ വെള്ളം കയറിയതോടെയാണ് തീരത്ത് താമസിക്കുന്ന നൂറ്റി നാല്പ്പത്തെട്ട് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.

RainDisasterkerala
Comments (0)
Add Comment