തെരുവ് നായ ഭീതിയില്‍ കേരളം; ആശങ്ക ഉയർത്തി പേവിഷ വാക്സിനുകളുടെ ക്ഷാമം

Jaihind Webdesk
Wednesday, September 14, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നതിനിടെ പേവിഷബാധ വാക്സിനുകൾക്ക് ക്ഷാമം നേരിടുന്നു. തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടെ ഗ്രാമപ്രദേശങ്ങളിൽ പേവിഷ വാക്സിനുകൾ ലഭ്യമാകുന്നില്ല. അേതസമയം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തെരുവ് നായ വിഷയം ചർച്ചയാകും.

വാക്സിൻ ക്ഷാമം ഇല്ലെന്നും കൂടുതൽ ഓർഡർ നൽകിയിട്ടുണ്ടെന്നുമാണ് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ പറയുന്നത്. തിരുവനന്തപുരം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ പേവിഷ വാക്സിനുകൾ തീർന്നിട്ട് ഒരാഴ്ചയിലധികമായി. നായ ആക്രമണം ഉണ്ടായി എത്രയും പെട്ടെന്ന് കുത്തിവെപ്പ് എടുക്കേണ്ട സാഹചര്യമുള്ളപ്പോഴാണ് വാക്സിൻ ക്ഷാമം എന്നതാണ് ഗൌരവകരം. കൂടുതൽ വാക്സിൻ എത്തിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ക്ഷാമം അനുഭവപ്പെടും.

തെരുവുനായ ആക്രമണം വർധിക്കുന്നതോടെയാണ് വാക്സിന് ക്ഷാമം അനുഭവപ്പെടുന്നത്. ഒരു വർഷത്തേക്ക് ഓർഡർ ചെയ്ത വാക്സിനുകളാണ് എട്ടു മാസത്തിനിടെ തീർന്നത്. അതിനിടെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തെരുവുനായ ആക്രമണം ചർച്ചയാകും. ആക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിലച്ചുപോയ വന്ധ്യംകരണ പദ്ധതികൾ പുനരാരംഭിക്കുവാനും തീരുമാനമുണ്ടാകും. ജില്ലാ ഭരണകൂടങ്ങൾ കേന്ദ്രീകരിച്ചാവും പദ്ധതികൾ നടപ്പിലാക്കുക.