ബെവ്കോ കൈയൊഴിഞ്ഞു; പുതിയ മദ്യത്തിന് പേരിടാനുള്ള മത്സരത്തിന് ഹൈക്കോടതിയുടെ ‘ഷോക്ക്’; നടപടികള്‍ സ്റ്റേ ചെയ്തു

Jaihind News Bureau
Thursday, February 12, 2026

കൊച്ചി: പാലക്കാട് മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാന്‍ഡിക്ക് പേരും ലോഗോയും കണ്ടെത്താന്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ മത്സരം ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്കോ) കോടതിയെ അറിയിച്ചത

മദ്യത്തിന് പേരിടാന്‍ എന്‍ട്രികള്‍ ക്ഷണിച്ച് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ച പരസ്യം വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബെവ്കോ വിവാദ പരസ്യത്തെ കൈയൊഴിഞ്ഞത്. മലബാര്‍ ഡിസ്റ്റിലറീസിന്റെ നടപടിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും നിലവില്‍ മദ്യ ഉത്പാദനം തുടങ്ങാത്ത സാഹചര്യത്തില്‍ ഇത്തരമൊരു മത്സരത്തിന്റെ ആവശ്യം ഉദിക്കുന്നില്ലെന്നും ബെവ്കോ വ്യക്തമാക്കി. ഒരേ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയിലേക്കാണ് ബെവ്കോയുടെ ഈ നിലപാട് വിരല്‍ ചൂണ്ടുന്നത്.

അബ്കാരി നിയമപ്രകാരം മദ്യത്തിന്റെ പരസ്യം നല്‍കുന്നതിനോ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്കോ കര്‍ശന വിലക്കുണ്ട്. ഈ നിയമവശം ചൂണ്ടിക്കാട്ടിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ലഹരി വര്‍ജനത്തിനായി കോടികള്‍ ചെലവിട്ട് ‘വിമുക്തി’ പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ തന്നെ മദ്യത്തിന്റെ ബ്രാന്‍ഡിംഗില്‍ ജനങ്ങളെ പങ്കാളികളാക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ മത്സരം സംഘടിപ്പിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തി.

തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് നിര്‍മ്മിക്കുന്ന ‘ജവാന്‍’ റമ്മിന്റെ വിപണി സാധ്യതകള്‍ കണക്കിലെടുത്താണ് കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള ബ്രാന്‍ഡി വിപണിയിറക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയത്. പാലക്കാട് ചിറ്റൂരിലുള്ള പഴയ സഹകരണ പഞ്ചസാര മില്‍ നവീകരിച്ചാണ് മലബാര്‍ ഡിസ്റ്റിലറീസാക്കി മാറ്റിയത്. എന്നാല്‍ വിപണനത്തിന് സ്വീകരിച്ച തെറ്റായ മാര്‍ക്കറ്റിംഗ് തന്ത്രം ഇപ്പോള്‍ സര്‍ക്കാരിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്.