‘മറ്റ് സംസ്ഥാനങ്ങൾക്ക് എയിംസ്, കേരളത്തിന് മാത്രം എന്തിന് അവഗണന’?; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

Jaihind News Bureau
Thursday, March 12, 2026

കൊച്ചി: കേരളത്തിന് എയിംസ്  അനുവദിക്കുന്ന കാര്യത്തിൽ അകാരണമായി കാലതാമസം വരുത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി ഉൾപ്പെടെ കണ്ടെത്തി സജ്ജമാക്കിയിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ കേന്ദ്രം അന്തിമ തീരുമാനമെടുക്കാത്തതെന്ന് കോടതി ചോദിച്ചു. എയിംസ് കാസർകോട് കൂട്ടായ്മ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.

രാജ്യത്തൊട്ടാകെ പുതിയതായി പ്രഖ്യാപിച്ച 22 എയിംസുകളിൽ 18 എണ്ണവും ഇതിനോടകം തന്നെ പ്രവർത്തനസജ്ജമായിട്ടുണ്ട്. ബാക്കി നാലെണ്ണത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്. ഈ സാഹചര്യത്തിൽ കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. മറ്റ് സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം വ്യക്തമാക്കണമെന്നും, അതിന് കേരളം അനുയോജ്യമല്ലേ എന്നും കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു.

മുൻപ് ഈ കേസ് പരിഗണിച്ചപ്പോൾ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചതനുസരിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി കോടതിയിൽ ഹാജരായിരുന്നു. എന്നാൽ, എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിസഭയാണ് അന്തിമവും നയപരവുമായ തീരുമാനം എടുക്കേണ്ടത് എന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായിട്ടും അനന്തമായി നീളുന്ന കേന്ദ്രത്തിന്റെ മെല്ലെപ്പോക്കിനെയാണ് കോടതി ശക്തമായി വിമർശിച്ചത്.