
കൊച്ചി: ശബരിമലയില്‍ സ്വര്‍ണ്ണപ്പാളികള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അതീവ ഗൗരവതരമായ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. സ്വര്‍ണ്ണപ്പാളികളില്‍ അസ്വാഭാവികമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് നിലവിലെ പരിശോധനാ റിപ്പോര്‍ട്ടെന്ന് കോടതി നിരീക്ഷിച്ചു.
വിഎസ്എസ്സി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നീക്കം. പാളികള്‍ മാറ്റപ്പെട്ടിട്ടുണ്ടെന്ന സൂചനകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് വിലയിരുത്തിയ കോടതി, പരിശോധനയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി.
വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തണമെന്നും കോടതി ഉത്തരവിട്ടു. പാളികള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഉദ്യോഗസ്ഥരുടെ മൊഴികളും പരിശോധനാ ഫലങ്ങളും ഒത്തുനോക്കേണ്ടതുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.