നവകേരള സർവേ നിയമവിരുദ്ധം; ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

Jaihind News Bureau
Tuesday, February 17, 2026

സർക്കാർ വലിയ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി. സർവേ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണ്ണായക നടപടി. കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ്  സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.

നവകേരള സർവേ നടത്തുന്നതിന് ആവശ്യമായ ധനകാര്യ അനുമതി കൃത്യമായി ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ സാമ്പത്തിക ആസൂത്രണമോ അനുമതിയോ ഇല്ലാതെ പൊതുപണം ഇത്തരം സർവേകൾക്കായി വിനിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച അതീവ ഗൗരവത്തോടെയാണ് കോടതി കണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ട് വെച്ച വാദങ്ങൾ കോടതി തള്ളി.

നവകേരള സദസ്സിന്റെ ഭാഗമായി ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്നും സർവേയ്ക്ക് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഉണ്ടെന്നും ആരോപിച്ച് സമർപ്പിച്ച ഹർജിയാണ് സർക്കാരിന് തിരിച്ചടിയായത്. സർവേയുടെ സുതാര്യതയും ആവശ്യകതയും ചോദ്യം ചെയ്ത ഹർജിയിൽ, മതിയായ സാങ്കേതികവും നിയമപരവുമായ അടിത്തറ സർവേയ്ക്കില്ലെന്ന് കോടതി കണ്ടെത്തി. ഈ വിധി സർക്കാരിന് രാഷ്ട്രീയമായും ഭരണപരമായും വലിയ ക്ഷീണമായി മാറിയിരിക്കുകയാണ്.