അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ചക്രവാതച്ചുഴി; സംസ്ഥാനത്ത് 5 ദിവസം മഴയ്ക്ക് സാധ്യത

Jaihind Webdesk
Friday, December 22, 2023


സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി രണ്ട് ചക്രവതാച്ചുഴികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിതമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായാണ് ഒരു ചക്രവാതചുഴി നിലനില്കുന്നത്.
ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളൊഴികെ മറ്റു ജില്ലകളില്‍ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

23നും 24നും തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 25, 26 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജീല്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതുണ്ട്.