ബംഗാള്‍ ഉള്‍ക്കടലില്‍ ‘മിദ്ഹിലി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദമാണ് ‘മിദ്ഹിലി’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെയോ- നാളെ രാവിലെയോടെയോ വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്ക- തമിഴ്നാട് തീരത്തിനു സമീപവും അറബികടലില്‍ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികള്‍ സ്ഥിതിചെയുന്നുണ്ട്. നിലവില്‍ ഒഡിഷ തീരത്തു നിന്നും കിഴക്ക് ദിശയില്‍ 190 കി.മി അകലെയും പശ്ചിമ ബംഗാളിന്റെ തെക്ക് -തെക്ക് കിഴക്കു ദിശയില്‍ 200 കി.മി അകലെയും ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറു ദിശയില്‍ 220 കി.മി അകലെയുമായാണ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. ചുഴലിക്കാറ്റ് രൂപ്പെട്ടതോടെ കേരളത്തില്‍ അടുത്ത 3 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 19-11-2023ന് കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20-11-2023ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.