ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ; കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ

Jaihind Webdesk
Wednesday, October 25, 2023

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴക്കാണ് സാധ്യത. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ഹമൂണ്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയെത്തുടര്‍ന്ന് ഇടിക്കിയിലെ കല്ലാര്‍ ഡാം തുറന്നു. ജില്ലാ കളക്ടര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് രണ്ടു ഷട്ടര്‍ പത്തു സെന്റീമീറ്റര് വീതം തുറന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ രാത്രി വരെ ശക്തമായ മഴ പെയ്തതിനാലാണ് ഡാമില്‍ ജലനിരപ്പുയര്‍ന്നത്. നിലവില്‍ 823.7 മീറ്ററാണ് ജലനിരപ്പ്, 824.48 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഷട്ടര്‍ തുറന്നതിനാല്‍ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.