അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദ സാധ്യത, മഴ മുന്നറിയിപ്പ് ഇങ്ങനെ…

Jaihind Webdesk
Wednesday, October 18, 2023


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി (Low Pressure) മാറി. അടുത്ത 24 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമര്‍ദമാവുകയും, (Well Marked Low Pressure) തുടര്‍ന്ന് ഒക്ടോബര്‍ 21ഓടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ഈ ചക്രവാതചുഴി ഒക്ടോബര്‍ 20 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്ന് (ഒക്ടോബര്‍ 18) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴ പെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും യെല്ലോ, ഓറഞ്ച് അലെര്‍ട്ടുകളൊന്നും സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മലയോര മേഖലകളിലടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരത്ത് നഗര – ഗ്രാമീണ മലയോര മേഖലകളില്‍ ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. നഗരത്തില്‍ ഒരു മണിക്കൂറിലേറെ തുടര്‍ച്ചയായി മഴ പെയ്തു.