“ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലേത്”; സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മനേക ഗാന്ധി

Jaihind Webdesk
Friday, April 21, 2023

ന്യൂഡൽഹി: സംസ്ഥാന വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേക ഗാന്ധി. രാജ്യത്തിലെ ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലേതാണെന്നാണ് അവര്‍ പറഞ്ഞത്.  തിരുവനന്തപുരം വെള്ളനാട് വനംവകുപ്പിന്‍റെ കെടുകാര്യസ്ഥതമൂലം കിണറ്റിൽ വീണ കരടി മുങ്ങിച്ചത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മനേക ഗാന്ധി.

പ്രത്യാഘാതങ്ങള്‍ മുന്നില്‍ കാണാതെ , മുന്‍ കരുതലുകളെടുക്കാതെ കരടിയെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. മൃഗങ്ങളോടുള്ള സമീപനത്തില്‍ രാജ്യാന്തര തലത്തില്‍ കേരളം ഇന്ത്യയെ നാണംകെടുത്തുകയാണെന്നും  മനേക ഗാന്ധി  വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസമാണ് കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ വെള്ളനാട് ജനവാസമേഖലയിലെ കിണറ്റിൽ കരടി വീണത്.  കിണറിലെ വെള്ളം വറ്റിക്കാതെ റിങ്ങില്‍ പിടിച്ചു നിന്ന കരടിയെ മയക്കു വെടി വെക്കുകയായിരുന്നു. മയങ്ങിയ കരടി വെള്ളത്തില്‍ മുങ്ങിച്ചാവുകയായിരുന്നു.