സില്‍വർലൈന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ല; പരാതികളെല്ലാം പരിശോധിക്കുമെന്നും കേന്ദ്രം: ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിന് മറുപടി

Jaihind Webdesk
Wednesday, July 20, 2022

 

ന്യൂഡല്‍ഹി: സില്‍വർലൈന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ സംസ്ഥാന സർക്കാർ നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. കെ റെയില്‍ സമർപ്പിച്ച പദ്ധതി രേഖയില്‍   സാങ്കേതിക സാധ്യതയെക്കുറിച്ചുള്ള മതിയായ വിശദാംശങ്ങൾ ലഭ്യമല്ലെന്ന്  കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്അറിയിച്ചു. ഹൈബി ഈഡൻ എം പി യുടെ ചോദ്യങ്ങൾക്ക് ലോക്സഭയില്‍ മറുപടി നൽകുകയായിരുന്നു മന്ത്രി.

അലൈൻമെന്‍റ് പ്ലാൻ, ബന്ധപ്പെട്ട റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃംഖലയിലൂടെയുള്ള ക്രോസിംഗുകൾ  തുടങ്ങിയ വിശദമായ സാങ്കേതിക രേഖകൾ കെ-റെയിൽ (സിൽവർ ലൈൻ) അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഇത് ലഭ്യമാക്കിയിട്ടില്ല. കെ റെയില്‍ പദ്ധതിക്കെതിരെ  നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ലോക്സഭയെ അറിയിച്ചു.

പദ്ധതിക്കെതിരെ പ്രധാനമായും ഉയർന്നുവന്ന പരാതികളും റെയില്‍വേ മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കിയാല്‍ ആയിരക്കണക്കിന് ഹെക്ടർ കൃഷിയോഗ്യമായ ഭൂമിയും 20,000 വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെടും. അങ്കമാലി റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ റെയിൽവേ സൈഡിംഗുകളുടെ വിപുലീകരണത്തിന് സിൽവർ ലൈൻ തടസ്സമാകും. നിർദ്ദിഷ്ട അലൈൻമെന്‍റ് നിരവധി മതപരമായ സ്ഥാപനങ്ങളെ തകർക്കും. സ്റ്റാൻഡേർഡ് ഗേജിൽ നിർമ്മിക്കുന്ന നിർദ്ദിഷ്ട ട്രാക്ക് നിലവിലുള്ള റെയിൽവേ ട്രാക്ക് ശൃംഖലയുമായി സംയോജിപ്പിക്കാൻ കഴിയില്ല. കേരള സര്‍ക്കാരിന് ഒരു വലിയ തുക കടമുണ്ട്. ശമ്പളവും പെൻഷനും നൽകാൻ പോലും സർക്കാർ വലിയ തുക കടമെടുക്കുന്നു. അതുകൊണ്ട് തന്നെ ഈ പദ്ധതി കേരളാ സർക്കാരിന് കനത്ത നഷ്ടമാകും തുടങ്ങിയ നിരവധി പരാതികളാണ് പദ്ധതിക്കെതിരെ ലഭിക്കുന്നത്.

കെആർഡിസിഎല്ലിൽ നിന്ന് വിശദാംശങ്ങൾ ലഭിച്ച ശേഷം പരാതികള്‍ സംബന്ധിച്ച് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മണ്ണിന്‍റെ അവസ്ഥ, പ്രകൃതിദത്തമായ ഡ്രെയിനേജ്, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, പരസ്പര പ്രവർത്തനക്ഷമത, കടബാധ്യത മുതലായ കാര്യങ്ങളും വിശദാംശങ്ങള്‍ ലഭ്യമായതിന് ശേഷം പരിശോധിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.