നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദർഭയുടെ നാലാംവിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചുകൊണ്ടാണ് കേരളം ഒന്നാം ദിനം പൂർത്തിയാക്കിയത്. മലയാളിയായ കരുൺ നായർ റണ്ണൗട്ടായി പുറത്തായതോടെയാണ് ഇരുവരുടെയും കൂട്ടുകെട്ട് അവസാനിച്ചത്. ടീം സ്കോർ 239-ൽ നിൽക്കെയാണ് കരുണ്‍ നായർ പുറത്തായത്. ഡാനിഷ് മാലേവറും കരുൺ നായരും ചേർന്ന് 215 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 188 പന്തിൽ 86 റൺസാണ് കരുൺ നായരുടെ കൂട്ടുകെട്ടിലുള്ള സമ്പാദ്യം. 252 പന്തൽനിന്ന് 132 റൺസോടെ മാലേവറും യഷ് താക്കൂറുമാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനായി ക്രീസിൽ നില്‍ക്കുന്നത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 84 ഓവർ പിന്നിട്ട് നാലുവിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിലാണ് വിദർഭ.
24 റൺസിനിടെ വിദർഭയുടെ മൂന്ന് വിക്കറ്റുകളാണ് കേരളം വീഴ്ത്തിയത്. കളിയാരംഭിച്ച് രണ്ടാം പന്തില്‍ തന്നെ കേരളം വിക്കറ്റ് വേട്ട ആരംഭിക്കുകയായിരുന്നു. പക്ഷേ, നാലാംവിക്കറ്റിലെ കൂട്ടുകെട്ട് അത്ര പെട്ടെന്ന് വീഴ്ത്താന്‍ കേരളത്തിന് സാധിച്ചില്ല. നാലാം വിക്കറ്റില്‍ ഒന്നിച്ച ഡാനിഷ് മാലേവര്‍ – കരുണ്‍ നായര്‍ സഖ്യമാണ് വിദർഭയെ തകർച്ചയില്‍ നിന്നും കരകയറ്റിയത്. കേരളത്തിനായി എം.ഡി നിധീഷ് രണ്ടു വിക്കറ്റും വരുണ്‍ നായർക്ക് പകരം ഇടം നേടിയ ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ഡാനിഷ് മാലേവറും മലയാളി കൂടിയായ കരുണ്‍ നായരും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ഉയർന്ന സ്കോറില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. നേരത്തേ വിദര്‍ഭയ്‌ക്കെതിരേ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുത്തതിനു പിന്നിലും ലക്ഷ്യമുണ്ടായിരുന്നു. ആദ്യ രണ്ട് ദിനങ്ങള്‍ പേസ് ബൗളേഴ്‌സിനും അവസാന മൂന്ന് ദിവസങ്ങള്‍ സ്പിന്നര്‍മാര്‍ക്കും അനുകൂലമാണ്.അതിനാല്‍, സെമി കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. ഫാസ്റ്റ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോം ടീമില്‍ ഇടംനേടിയപ്പോള്‍ ഒരു വിക്കറ്റും കരസ്ഥമാക്കി.