വാഗ്ദാനങ്ങള്‍ വെറും വാക്കിലൊതുങ്ങി; പ്രകടനപത്രിക മറന്ന് പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

Jaihind News Bureau
Tuesday, April 7, 2026

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍, വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി എന്നായിരുന്നു അവകാശവാദം. എന്നാല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ വാഗ്ദാനങ്ങളില്‍ നല്ലൊരു ശതമാനവും നടപ്പാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് 326 പേജ് ആയിരുന്നു എങ്കില്‍ പുതിയത് 22 പേജ് മാത്രം. മുഖ്യമന്ത്രി സ്വയം 97% മാര്‍ക്ക് സര്‍ക്കാരിന് ഇട്ടതാണ് പുതിയ പ്രോഗ്രസ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും പുതിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഇല്ല. പുതിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മിണ്ടാത്തതും ബോധപൂര്‍വം ഒഴിവാക്കിയതുമായ കാര്യങ്ങള്‍ ഇവയാണ്:

1. ക്ഷേമ പെന്‍ഷന്‍ 5 വര്‍ഷം കൊണ്ട് 2500 രൂപയാക്കും എന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി . ഇപ്പോഴും 2000 രൂപമാത്രം. പ്രകടന പത്രികയില്‍ 3000 രൂപയാക്കുമെന്ന് പറഞ്ഞെങ്കിലും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മൗനം.
2. ശമ്പള പരിഷ്‌കരണം 5 വര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കുമെന്ന് പല തവണ പറഞ്ഞ മുഖ്യമന്ത്രി ഇതുവരെ നടപ്പാക്കിയില്ല. കമീഷനെ നിയമിച്ചു എന്ന വാക്കില്‍ ഒതുങ്ങി പ്രോഗ്രസ് റിപ്പോര്‍ട്ട്.
3. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന എല്‍ ഡി എഫ് വാഗ്ദാനത്തെ കുറിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മൗനം.
4. 31.34 ലക്ഷം പേര്‍ക്ക് ആയിരം രൂപ സ്ത്രീ സുരക്ഷ പെന്‍ഷന്‍ നല്‍കുമെന്ന് എല്‍ ഡി എഫ് പറഞ്ഞിരുന്നു. പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ അത് 16.40 ലക്ഷമായി കുറഞ്ഞു
5. മദ്യ ലഭ്യത കുറയ്ക്കും എന്ന് ഉറപ്പ് നല്‍കിയ എല്‍ ഡി എഫ് ബാറുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടു.
6. 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതുവരെ എത്ര പേര്‍ക്ക് കെ ഫോണ്‍ കണക്ഷന്‍ നല്‍കി എന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഇല്ല.
7. തീരദേശ ഹൈവേയെ കുറിച്ചും അവ്യക്തത. 3 റീച്ചുകള്‍ പൂര്‍ത്തിയായി എന്ന് മാത്രം പറയുമ്പോള്‍ അത് ഏതൊക്കെ എന്നോ എത്ര കിലോമീറ്റര്‍ എന്നോ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഇല്ല.

മുന്‍ വര്‍ഷങ്ങളില്‍ നടപ്പാക്കത്തത് പറയുമായിരുന്നു എങ്കില്‍ ഇത്തവണ അതും മറച്ചുവെച്ചു. ഇങ്ങനെ 22 പേജില്‍ ഒതുക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യ വാഗ്ദാനങ്ങളെ കുറിച്ച് ബോധപൂര്‍വം മൗനം പാലിക്കുന്നതാണ്.