ഖജനാവ് കാലിയാക്കി പി.ആർ. ആഘോഷം; മുഖ്യമന്ത്രിയുടെ മുഖം പതിച്ച പരസ്യങ്ങൾക്ക് 100 കോടി; പി.ആർ പ്രവർത്തനങ്ങൾക്കായി 100 കോടി ചെലവഴിക്കാൻ സർക്കാർ ഉത്തരവ്

Jaihind News Bureau
Thursday, March 12, 2026

സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പി.ആർ.ഡി (PRD) വഴി കോടികൾ ധൂർത്തടിക്കാൻ സർക്കാർ നീക്കം. നിലവിലെ ബജറ്റിൽ പി.ആർ.ഡിക്ക് വകയിരുത്തിയ 80 കോടി രൂപയ്ക്ക് പുറമെ, പ്രത്യേക പ്രചാരണ പ്രവർത്തനങ്ങൾക്കായി 22.24 കോടി രൂപ കൂടി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇതോടെ പിണറായി സർക്കാരിന്റെ പി.ആർ പ്രവർത്തനങ്ങൾക്കായി മാത്രം ചെലവഴിക്കുന്ന തുക 100 കോടി കടന്നിരിക്കുകയാണ്.

2026 ജനുവരി 8 മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് വരെയുള്ള കാലയളവിൽ, സർക്കാർ ക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അധിക തുക അനുവദിച്ചിരിക്കുന്നത്. മാർച്ച് 10-ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, ഔട്ട്‌ഡോർ പബ്ലിസിറ്റിക്കായി 14.54 കോടി രൂപയും, ഡോക്യുമെന്ററി നിർമ്മാണത്തിനായി 5 കോടിയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ, സർക്കാർ വെബ്സൈറ്റ് പരിപാലനം, തപാൽ സെർവർ മെയിന്റനൻസ് എന്നിവയ്ക്കായി 2.70 കോടിയും അനുവദിച്ചു.

പരസ്യ പ്രചാരണത്തിനായി വലിയൊരു ശൃംഖല തന്നെ സർക്കാർ ഒരുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച 600 കൂറ്റൻ ഹോർഡിംഗുകൾക്കായി 10 കോടി രൂപയാണ് ചെലവാക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ, മെട്രോ പില്ലറുകൾ, ട്രെയിനുകൾ, മാളുകൾ എന്നിവിടങ്ങളിലെല്ലാം പരസ്യം പതിപ്പിക്കാനും ഡിജിറ്റൽ ഡിസ്‌പ്ലേകൾ സ്ഥാപിക്കാനുമായി വലിയൊരു തുക വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ, സോഷ്യൽ മീഡിയ ക്യാമ്പെയ്‌നുകൾക്കായി 2.70 കോടി രൂപയും പരസ്യ നിർമ്മാണത്തിനായി 5.40 കോടി രൂപയും അനുവദിച്ചു.

ക്ഷേമപദ്ധതികളുടെ പൂർത്തീകരണത്തിൽ സർക്കാർ വലിയ തോതിൽ പിന്നിൽ നിൽക്കുമ്പോഴാണ് കോടികൾ മുടക്കിയുള്ള ഈ പ്രചാരണ പരിപാടികൾ. കിഫ്ബി വഴി നടക്കുന്ന പരസ്യങ്ങൾ ഇതിനു പുറമെയാണെന്നത് കാര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ഇത്തരം ധൂർത്തുകൾക്കെതിരെ രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.