
സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴും സർക്കാർ ധൂർത്ത് തുടരുന്നതായി ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മേൽനോട്ടം വഹിക്കുന്ന ‘വിഷൻ 2031’ എന്ന പരിപാടിക്കായി മൂന്ന് കോടി മുപ്പത് ലക്ഷം രൂപയാണ് സർക്കാർ പുതുതായി അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണങ്ങളും ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളും നിലനിൽക്കെ ഇത്രയും വലിയ തുക ഒരു പരിപാടിക്കായി മാറ്റിവെച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വമ്പൻ പി.ആർ. (Public Relations) പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ലോക കേരള സഭയുൾപ്പെടെയുള്ള പരിപാടികൾക്കായി കോടികൾ ചെലവാക്കിയതിനെതിരെ നേരത്തെ തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വികസന രേഖയെന്ന പേരിൽ പുതിയ പരിപാടിക്കായി കോടികൾ ഒഴുക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.
ക്ഷേമ പെൻഷനുകളും ശമ്പള പരിഷ്കരണ കുടിശ്ശികകളും നൽകാൻ പണമില്ലെന്ന് പറയുന്ന സർക്കാർ, ആഡംബര പരിപാടികൾക്കായി പണം കണ്ടെത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സാധാരണക്കാർക്ക് അവശ്യ സേവനങ്ങൾ ലഭിക്കാൻ പ്രയാസപ്പെടുമ്പോൾ, സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പൊതുമുതൽ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്.