
വിസി നിയമനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ ഒത്തുതീര്‍പ്പിന് പിന്നാലെ കേരള സര്‍വ്വകലാശാലയിലും നിര്‍ണ്ണായക നീക്കം. മാസങ്ങളായി സസ്പെന്‍ഷനില്‍ തുടരുന്ന സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിന്റെ ഡെപ്യൂട്ടേഷന് അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അനില്‍കുമാറിനെ ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റിയിരിക്കുന്നത്.
സ്വന്തം അഭ്യര്‍ത്ഥന പ്രകാരമാണ് അനില്‍കുമാറിനെ മാറ്റുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ശാസ്താംകോട്ട ഡിബി കോളേജില്‍ പ്രിന്‍സിപ്പല്‍ ആയിട്ടായിരിക്കും അനില്‍കുമാര്‍ ചുമതലയേല്‍ക്കുക. ‘ഭാരതാംബ’ വിവാദവുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ വിസി നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിസിയുടെ നടപടിയെ സര്‍ക്കാര്‍ അന്ന് എതിര്‍ത്തിരുന്നെങ്കിലും, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗവര്‍ണറുമായി സമവായത്തിലെത്തിയതോടെയാണ് അനില്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.