യൂത്ത് കോണ്‍ഗ്രസുകാരുടെ ഇരട്ടക്കൊലപാതകം: ഗവര്‍ണറുടെ ഇടപെടല്‍ സര്‍ക്കാരിന് തിരിച്ചടി; മറുപടി പറയാന്‍ പിണറായി വിയര്‍ക്കും

Jaihind Webdesk
Tuesday, February 19, 2019

പെരിയയിലെ യൂത്ത് കോണ്‍്രഗസുകാരുടെ ഇരട്ടകൊലപാതകക്കേസില്‍ ഗവര്‍ണര്‍ അടിയന്തിര റിപ്പോര്‍ട്ട് തേടിയതോടെ ഇടതു സര്‍ക്കാരും പിണറായി വിജയനും കടുത്ത പ്രതിരോധത്തിലായി. ഗവര്‍ണറെ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് സ്ഥിതിഗതികള്‍ ധരിപ്പിച്ചതോടെയാണ് ഗവര്‍ണര്‍ പി.സദാശിവം വിഷയത്തില്‍ ഇടപെട്ടത്.

യൂത്ത് കോണ്‍്രഗസുകാരുടെ ഇരട്ടക്കൊലപാതകത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയതോടെ കനത്ത തിരിച്ചടിയാണ് സര്‍ക്കാരിനേറ്റിരിക്കുന്നത്. ഗവര്‍ണറെ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് കൊലപാതകങ്ങള്‍ സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതികളുടെ അറസ്റ്റ് വൈകുന്നതിലുള്ള കടുത്ത അമര്‍ഷവും പങ്കുവെച്ചിരുന്നു. ഇതിനിടെ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്ന് ക്യാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രംഗത്ത് വന്നു. ക്രമസമാധന നില ഭദ്രമെന്ന് പറയുന്ന സംസ്ഥാനത്തെ കണ്ണൂരടക്കമുള്ള പ്രശ്‌നബാധിത മേഖലയില്‍ എ.ഡി.ജി.പി തസ്തിക ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വധക്കേസില്‍ സി.ബി.ഐ അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടിയത്. ഇതോടെ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും വാദമാണ് പൊളിയുന്നത്. ഇതിനിടെ കേസിലെ പ്രതികളെ സംരക്ഷിക്കരുതെന്ന സി.പി.എം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. രാഷ്ട്രീയമായും ഭരണപരമായും പ്രതിരോധത്തിലായ സര്‍ക്കാരും സി.പി.എമ്മും ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുമ്പ് ത്രങ്ങളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് കൊണ്ടു പിടിച്ചു നടത്തുന്നത്.