ഫോണ്‍ ചോർത്തലിന് നിയമം നിർമ്മിക്കാന്‍ സംസ്ഥാന സർക്കാർ : മുഖ്യമന്ത്രിയുടെ ഓഫീസ് വിവരം മറച്ചുവച്ചു

തിരുവനന്തപുരം :  ഫോൺ ചോർത്തൽ നിർദേശമടങ്ങിയ നിയമനിർമാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ . ഫോൺ ചോർത്തൽ നിർദേശങ്ങളും വിശദാംശങ്ങള‍ുമടങ്ങിയ ഫയൽ ആഭ്യന്തര വകുപ്പിലുണ്ടെന്നാണ് റിപ്പോർട്ട്. വാർത്ത പുറത്തായതോടെ  ഫോൺ ചോർത്തല്‍ നിയമനിർമ്മാണം ആലോചനയിലില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വാദം തെറ്റെന്ന് തെളിഞ്ഞിരിക്കുന്നു.

മഹാരാഷ്ട്രയിലെ നിയമത്തിന്‍റെ തനിപകർപ്പാണ് കേരളാ സംഘടിത കുറ്റകൃത്യം തടയൽ കരട്. ഫയൽ നമ്പർ M 2 / 149/2021 എന്ന ആഭ്യന്തര വകുപ്പിന്‍റെ രേഖയാണ് പുറത്തായത് . കേരള സംഘടിത കുറ്റകൃത്യം തടയൽ നിയമം നിർദേശങ്ങൾ എന്ന തലക്കെട്ടിലാണ് ഫയൽ നീങ്ങുന്നത്. ഇക്കാര്യത്തിൽ കഴിഞ്ഞ 28-ാം തിയതി സർക്കാർ ഒരു കമ്മിറ്റിയെ നിയോ​ഗിച്ചിരുന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, മുന്‍ അഡീഷണല്‍ എ.ജി കെ.കെ.രവീന്ദ്രനാഥ് എന്നിവരാണ് സമിതിയാണ് നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നത്. സമിതിയംഗം മുൻ അഡീ. എ ജി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കൂടിയാണ്.

സംസ്ഥാനത്തിന്‍റെ താത്പര്യത്തിന് വുരദ്ധമായ പ്രവർത്തനമോ, കേസന്വേഷണത്തിന് അനിവാര്യമോ എന്ന് തോന്നുകയാണെങ്കിൽ എഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോ​ഗസ്ഥന് 48 മണിക്കൂറിലേക്ക് ഫോൺ ചോർത്തുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഇതിന് പുറമെ, ഒരു അതോറിറ്റിക്ക് 60 ദിവസത്തേക്ക് ഫോൺ ചോർത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള അനുമതി നൽകാം.

സാധാരണ ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം ഒരാൾ കുറ്റക്കാരനായി കണ്ടെത്തുന്നത് വരെ അയാളെ നിരപരാധിയായ പിര​ഗണിക്കണം എന്നതാണ്. എന്നാൽ കരട് നിയമം പ്രകാരം പ്രതിയായി ചേർക്കപ്പെടുന്നയാളുടെ ഉത്തരവാദിത്തമാണ് നിരപരാധിത്തം തെളിയിക്കേണ്ടത്. അതേസമയം സംഭവം വിവാ​ദമായതിനെ തുടർന്ന് സംഘടിത കുറ്റകൃത്യം തടയൽ ബില്ലുമായി ബന്ധപ്പെട്ട യോഗം കമ്മിറ്റി മാറ്റി.

മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് എന്ന മക്കോക്ക മാതൃകയില്‍ സംസ്ഥാനത്തും നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെ നിയമവിധേയമാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു പ്രചരണം.

Comments (0)
Add Comment