ബ്രൂവറി റദ്ദാക്കി മുഖ്യമന്ത്രിയുടെ വിചിത്ര ഉത്തരവിറങ്ങി

ബ്രൂവറിയിൽ പ്രഹസനമായി അനുമതി റദ്ദാക്കൽ ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ന്യായീകരണം ചേർത്ത വിചിത്ര ഉത്തരവാണ് പുറത്ത് വന്നത്. നടപടികളിൽ ഒരു വീഴ്ചയുമില്ലെന്ന് പറയുന്ന ഉത്തരവിൽ വിവാദങ്ങൾ ഒഴിവാക്കാനാണ് റദ്ദാക്കൽ നടപടിയെന്ന വിചിത്രവാദവുമുണ്ട്.

മദ്യ ഉൽപാദനശാലകൾ ആരംഭിക്കാനുള്ള അനുമതിയിൽ വ്യാപക അഴിമതിയും ​ക്രമക്കേടും നട​ന്നെന്ന പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ആരോപണമാണ്​ വിവാദത്തിന്​ തിരികൊളുത്തിയത്​. ചട്ടവിരുദ്ധമായും പരിശോധനയും മന്ത്രിസഭാതീരുമാനവും ഇല്ലാതെയുമാണ്​ അനുമതി നല്‍കിയതെന്ന് ആരോപണമുയർന്നിരുന്നു.

ബ്രൂവറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ചോദിച്ച പത്ത് ചോദ്യത്തിന് അനുമതി റദ്ദാക്കിയ ഉത്തരവ് പുറത്തിറങ്ങിയിട്ട് പോലും മറുപടി പറയാൻ എക്സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കും സാധിച്ചിട്ടില്ല. പ്രതിപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെയാണ് അനുമതി റദ്ദാക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായത്.

എന്നാൽ നവ കേരള നിർമാണത്തിനായി ഒന്നിച്ചു നിൽക്കേണ്ട സമയത്ത്​ അടിസ്​ഥാന രഹിതമായ വിവാദങ്ങൾ അനുഗുണമല്ലാത്ത സാഹചര്യങ്ങൾ ഉടലെടുക്കുന്നതിന്​ ഇടയാക്കുമെന്നും അതിനാൽ ബ്രൂവറിക്ക്​ നൽകിയ അനുമതി പിൻവലിക്കുകയാണെന്നുമാണ് ഉത്തരവിലൂടെ സർക്കാർ വിശദീകരിക്കുന്നത്.

പുതിയ യൂണിറ്റുകൾ അനുവദിക്കാനുള്ള നിലപാട്​ തുടരുമെന്നും ബ്രൂവറികള്‍ക്കും, ബ്ലെന്‍ഡിംഗ്​ യൂണിറ്റുകള്‍ക്കും അനുമതിക്ക് വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അര്‍ഹത സംബന്ധിച്ച് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാനദണ്ഡങ്ങള്‍ തയാറാക്കുന്ന സമിതി ഇൗ മാസം 31നകം റിപ്പോർട്ട്​ നൽകണമെന്നും ഉത്തരവിൽ പറയുന്നു.

നവ കേരള നിർമാണത്തിന്‍റെ മറവിൽ താൽക്കാലികമായി വിഷയത്തിൽ നിന്ന് രക്ഷനേടാനാണ് സർക്കാർ ശ്രമിക്കുന്നത്. ഏതായാലും അനുമതി പിൻവലിച്ചതോടെ ബ്രൂവറിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന കാര്യംതന്നെയാണ് വ്യക്തമാകുന്നത്.

brewery
Comments (0)
Add Comment