ആര്യാടന്‍ ഇനി ദീപ്തമായ ഓർമ്മ… കണ്ണീരോടെ യാത്രാമൊഴിയേകി കേരളം

മലപ്പുറം: ഇന്നലെ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന് രാഷ്ട്രീയ കേരളം കണ്ണീരോടെ യാത്രാമൊഴി നൽകി. നിലമ്പൂർ മുക്കട ജുമാ മസ്ജിദ് കബർസ്ഥാനിലാണ് പ്രിയ നേതാവിന് അന്ത്യവിശ്രമമൊരുക്കിയത്. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മന്ത്രിമാർ, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

ഇന്നലെ രാത്രി പതിനൊന്ന് മണി വരെ നിലമ്പൂരിലെ ആര്യാടൻ ഹൗസിൽ പൊതുദർശനത്തിന് വലിയ തിരക്കനുഭവപ്പെട്ടു. പുലരുവോളം അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് വീട്ടിലേക്കെത്തിയത്. രാവിലെ 9 മണിയോടെ പൊതുദർശനം അവസാനിപ്പിച്ച് സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം വീടിന് പുറത്തെടുത്തു. തുടർന്ന് സംസ്ഥാന പോലീസ് ഗൺ സല്യൂട്ട് നൽകി. തുടർന്ന് മൃതദേഹം സംസ്കരിക്കുന്ന മുക്കട വലിയ ജുമാ മസ്ജിദിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോയി. വഴിയിലുടനീളം ജനങ്ങൾ വിലാപയാത്ര കാണുന്നതിന് തടിച്ചുകൂടിയിരുന്നു. തുടർന്ന് പോലീസിൻ്റെ അന്തിമോപചാരം.

സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, വി അബ്ദുറഹിമാൻ, ജില്ലാ കളക്ടർ പ്രേംകുമാർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി ജോസഫ്, ബെന്നി ബഹനാൻ എ, എംകെ രാഘവൻ, ടി സിദ്ദിഖ്, പന്തളം സുധാകരൻ, എ.പി അനിൽകുമാർ, വി.എസ് ജോയ്, കെ പ്രവീൺ കുമാർ, എൽദോസ് കുന്നപ്പള്ളി, മാത്യു കുഴൽനാടൻ, അബ്ദുറഹിമാൻ തുടങ്ങിയ പ്രമുഖർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

Comments (0)
Add Comment