
കേരളാ മോഡലിനെക്കുറിച്ചുള്ള വലിയ അവകാശവാദങ്ങള്‍ക്കിടെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധികള്‍ കാണുന്നില്ല. രൂക്ഷമായ ധനപ്രതിസന്ധിയും വര്‍ധിച്ചുവരുന്ന കടബാധ്യതയും സംസ്ഥാനത്തിന്റെ എല്ലാ മേഖലകളെയും ഒരുപോലെ ബാധിച്ചിരിക്കുന്നു.
കടക്കെണിയില്‍ ഉലയുന്ന കേരളംരാജ്യത്തെ ഏറ്റവും ദുര്‍ബലമായ അഥവാ ചാഞ്ചാടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥ അഥവാ -Wobbling Economy-ആയി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന ശങ്കയാണ് പങ്കുവയ്ക്കപ്പെടുന്നത്. സംസ്ഥാനത്തിന്റെ മൊത്തം കടം ആറ് ലക്ഷം കോടി രൂപയോളമെത്തിയിരിക്കുന്നു. സി.എ.ജി റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023-24 വര്‍ഷത്തില്‍ മാത്രം ഒരു ലക്ഷം കോടി രൂപയുടെ കടമെടുത്തത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡു തുകയാണ്. കടമെടുത്ത പണം സര്‍ക്കാര്‍ ധൂര്‍ത്തു മൂലം ദൈനം ദിന ചെലവുകള്‍ക്ക് പോലും തികയാത്ത അവസ്ഥയാണുള്ളത്.
ട്രഷറി നിയന്ത്രണം മൂലം കരാറുകാര്‍ക്ക് ബില്ലുകള്‍ മാറി നല്‍കാന്‍ കഴിയാത്തതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം മുടങ്ങുന്നതും താഴെത്തട്ടിലുള്ള വികസന പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചിരിക്കുന്നു. പെന്‍ഷനുകളും ക്ഷേമപ്രവര്‍ത്തനങ്ങളും മുടങ്ങുന്നതിന് പിന്നിലെ പ്രധാന കാരണവും ഈ കടബാധ്യത തന്നെയാണ്.
കിഫ്ബി: വികസനമോ ബാധ്യതയോ എന്ന ചോദ്യവും ഇവിടെയുണ്ട്. നിയമസഭയോട് ഉത്തരവാദിത്തമില്ലാത്ത കിഫ്ബി പോലുള്ള ഏജന്‍സികള്‍ വികസനത്തിന്റെ പേരില്‍ എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന് വലിയ ബാദ്ധ്യതയാണ്. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് സാമ്പത്തിക അടിത്തറയെ കൂടുതല്‍ തകര്‍ത്തു. കിഫ്ബി പോലുള്ള ഭരണഘടനാതീത സ്ഥാപനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന മുന്‍ മുന്നറിയിപ്പുകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി
കേരളം നേരിടുന്ന അഞ്ച് പ്രധാന വെല്ലുവിളികള്‍ ഇവയാണ്. പ്രവാസി പണത്തെ അമിതമായി ആശ്രയിക്കുന്നു, പ്രാദേശികമായ തൊഴിലവസരങ്ങളുടെ അഭാവം, അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കിടയിലെ രൂക്ഷമായ തൊഴിലില്ലായ്മ, റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലെ പരാജയം, സേവന മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം ചെറുകിട-ഇടത്തരം (MSME) മേഖലയ്ക്ക് നല്‍കാത്തത്. എന്നിവയാണിവ.
മൂലധന നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളം വളരെ പിന്നിലാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ മൂലധന ചെലവിനായി 13 മുതല്‍ 22 ശതമാനം വരെ മാറ്റിവെക്കുമ്പോള്‍ കേരളത്തില്‍ അത് കേവലം 10 ശതമാനം മാത്രമാണ്. വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തിലും കേരളം വെല്ലുവിളി നേരിടുന്നു. വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടും മഹാരാഷ്ട്രയും ബഹുദൂരം മുന്നിലാണ്. കേരളത്തില്‍ നടക്കുന്ന നിക്ഷേപ സംഗമങ്ങളിലെ ധാരണാപത്രങ്ങള്‍ (ങീഡ) പലപ്പോഴും വെറും കടലാസുകളില്‍ ഒതുങ്ങുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഇനി ഇതിന്റെ പരിഹാരവും നിര്‍ദ്ദേശിക്കാം
അടുത്ത പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ചാ നിരക്ക് നിലവിലെ 8.8 ശതമാനത്തില്‍ നിന്നും 12 ശതമാനത്തിന് മുകളില്‍ എത്തേണ്ടതുണ്ട്. ഇതിനായി കൃഷി, ചെറുകിട വ്യവസായം, ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്‌കരണം എന്നീ മേഖലകളില്‍ വന്‍തോതിലുള്ള നിക്ഷേപം ആവശ്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകണം . ഉല്‍പ്പാദന മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കണം. കേവലം രാഷ്ട്രീയമായ വാദപ്രതിവാദങ്ങള്‍ക്കപ്പുറം, പ്രായോഗികമായ സാമ്പത്തിക പരിഷ്‌കാരങ്ങളും സമ്പൂര്‍ണ്ണമായ അഴിച്ചുപണിയും നടത്തിയാല്‍ മാത്രമേ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ