സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ പദ്ധതി ചെലവിലടക്കം കടുംവെട്ടിന് സര്‍ക്കാര്‍. 40 ശതമാനമെങ്കിലും ചെലവ് വെട്ടിക്കുറയ്ക്കാനാണ് ആലോചന. സാമ്പത്തിക വര്‍ഷാവസാനം ആകുമ്പോഴേക്കും 30,000 കോടിയെങ്കിലും കണ്ടെത്തേണ്ട സ്ഥിതിയിലാണ് ധനവകുപ്പ്. കടമെടുപ്പ് പരിധി കേരളത്തിനായി മാത്രം വര്‍ധിപ്പിക്കാനാവില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയതോടെ വന്‍ പ്രതിസന്ധിയിയാണ് കാത്തിരിക്കുന്നത് എന്ന് ഉറപ്പായി. ഇനിയുള്ള മൂന്ന് മാസങ്ങളിലായാണ് പദ്ധതി നിര്‍വഹണം വേഗമാര്ജിക്കാറുള്ളത്. എന്നാല്‍ ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ പ്രത്യേക അനുമതിയില്ലാതെ മാറിനല്‍കുന്നില്ല. നിയന്ത്രണം കടുത്തതോടെ പദ്ധതി നിര്‍വഹണം ഇഴയുന്ന സ്ഥിതിയാണ്. സാമ്പത്തിക വര്‍ഷാവസാനത്തോടെ പദ്ധതി ചെലവുകള്‍ ഉള്‍പ്പടെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനാണ് ധനവകുപ്പ് ആലോചിക്കുന്നത്. ഇതോടെ വകുപ്പുകള്‍ കൂടുതല്‍ സമ്മര്‍ദത്തിലാകും. ഇപ്പോള്‍ തന്നെ വിവിധ വകുപ്പുകള്‍ പണം കിട്ടാത്തതിന് ധനവകുപ്പിനെ കുറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ കടമെടുക്കാവുന്ന തുകയായ 3800 കോടിയില്‍ നിന്ന് 2000 കോടി കഴിഞ്ഞദിവസം മുന്‍കൂറായി എടുത്തിരുന്നു. ഡിസംബറില്‍ രണ്ടുമാസത്തെ ക്ഷേമപെന്ഷന് വിതരണം ചെയ്യുന്നതിന് വീണ്ടും കടമെടുക്കേണ്ട സ്ഥിതിയുണ്ട്. ഇതോടെ കടുത്ത ചെലവുചുരുക്കലല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലാത്ത സ്ഥിതിയാണ്. കിഫ്ബി തിരിച്ചടച്ച തുകയ്ക്ക് തുല്യമായ തുക കടമെടുക്കുന്നതിന് അനുമതി നല്‍കണം എന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടും. ബവ്കോ, കെ.എസ്.എഫ്.ഇ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങുക, സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കടമെടുക്കുക, വര്‍ഷാവസാനം വരുന്ന ചെലവുകള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റുക തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്.