കടക്കെണിയിൽ മുങ്ങി കേരളം; ബജറ്റിന് തൊട്ടുപിന്നാലെ 2,000 കോടി കൂടി കടമെടുക്കുന്നു; ഓരോ മലയാളിയുടെയും തലയിൽ ഒന്നേകാൽ ലക്ഷത്തിന്റെ ബാധ്യത

Jaihind News Bureau
Friday, January 23, 2026

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസന പ്രവർത്തനങ്ങൾക്കായി 2,000 കോടി രൂപ കൂടി കടമെടുക്കാൻ ഒരുങ്ങി കേരള സർക്കാർ. ഈ മാസം 27-ന് റിസർവ് ബാങ്കിന്റെ മുംബൈ ഓഫീസിൽ കടപ്പത്ര ലേലം നടക്കും. പത്ത് വർഷം മുമ്പ് 1.5 ലക്ഷം കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ കടബാധ്യത ഇപ്പോൾ അഞ്ച് ലക്ഷം കോടി രൂപയോട് അടുക്കുന്നതായാണ് റിപ്പോർട്ടുകൾ. കിഫ്ബി വഴിയുള്ള കടമെടുപ്പ് കൂടി കണക്കിലെടുത്താൽ യഥാർത്ഥ ബാധ്യത ഇതിലും വർദ്ധിക്കുമെന്ന് ധനകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സിഎജി റിപ്പോർട്ടുകൾ പ്രകാരം കേരളത്തിന്റെ കടം മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GSDP) 33.8 ശതമാനത്തോളമാണ്. പുതിയ ആസ്തികൾ നിർമ്മിക്കുന്നതിനേക്കാൾ, പഴയ കടങ്ങളുടെ പലിശ തിരിച്ചടയ്ക്കാനാണ് ഈ വായ്പത്തുകയുടെ ഭൂരിഭാഗവും വിനിയോഗിക്കുന്നത് എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 31,800 കോടി രൂപ പലിശ ഇനത്തിൽ ഖജനാവിൽ നിന്ന് ചെലവാക്കേണ്ടി വരുമെന്നാണ് ബജറ്റ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ശമ്പളവും പെൻഷനും നൽകാൻ പോലും വായ്പയെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുന്നു. നിലവിൽ ഓരോ മലയാളിയുടെയും തലയിൽ ഏകദേശം ഒന്നേകാൽ ലക്ഷം രൂപയുടെ കടബാധ്യതയാണുള്ളത്. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട വിഹിതം കൃത്യമായി ലഭിക്കാത്തതിനാൽ പലയിടങ്ങളിലും പദ്ധതി നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. നികുതി വരുമാനം വർദ്ധിച്ചെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ട്രഷറി നിയന്ത്രണം ഏർപ്പെടുത്താതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

 ഈ മാസം 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കാമെങ്കിലും, ഖജനാവിലെ ശൂന്യത ഇവ നടപ്പിലാക്കുന്നതിന് വെല്ലുവിളിയാകും. കേന്ദ്ര വിഹിതം സംബന്ധിച്ച തർക്കങ്ങൾ തുടരുമ്പോഴും, സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനവും ചെലവും തമ്മിലുള്ള അന്തരമാണ് യഥാർത്ഥ പ്രതിസന്ധിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.