ഇ-ഓഫീസ് പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കുന്നു; കോടികളുടെ കരാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തീറെഴുതാ‍ന്‍ നീക്കം

B.S. Shiju
Friday, May 10, 2019

സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ ഓഫീസുകളില്‍ നടപ്പാക്കിയിട്ടുള്ള ഇ- ഓഫീസ് പദ്ധതി പിന്‍വലിക്കാനുള്ള നീക്കം സജീവമാകുന്നു. ഇതിനു പകരം പദ്ധതിക്കായുള്ള ടെണ്ടര്‍ സംസ്ഥാന ഐ.ടി മിഷന്‍ പുറപ്പെടുവിച്ചു. സേഫ്റ്റ്‌വെയര്‍ വികസിപ്പിക്കാനും നടപ്പാക്കലിനും കോടികള്‍ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് എന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.

സെക്രട്ടേറിയറ്റിലും 14 ജില്ലാ കളക്‌ട്രേറ്റുകളിലും സംസ്ഥാനത്തെ നിരവധി ഓഫീസുകളിലും 2014 മാര്‍ച്ച് അഞ്ചിന് നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ച സോഫ്ട്‌വെയര്‍ പ്രകാരമുള്ള പദ്ധതി പുന:സ്ഥാപിക്കാന്‍ ഏകദേശം 100 കോടിയോളം രൂപ ചെലവഴിക്കേണ്ടി വരുമെന്ന പ്രാഥമിക നിഗമനമാണുള്ളത്. എന്‍.ഐ.സിയില്‍ നിന്ന് ഇതെടുത്തു മാറ്റി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള നീക്കമാണ് അണിയറില്‍ ഒരുങ്ങുന്നതെന്നും ഇതില്‍ അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന വകുപ്പു സെക്രട്ടറിമാരുടെ കമ്മറ്റിയിലാണ് ആദ്യം ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നു വന്നത്.

പൊതുഭരണ സെക്രട്ടറി, ഐ.ടി സെക്രട്ടറി, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് സെക്രട്ടറി എന്നിവരുടെ കോര്‍ കമ്മറ്റി ചേര്‍ന്നാണ് ഇ- ഓഫീസ് സഗവിധാനം പൊളിച്ചെഴുതാന്‍ തീരുമാനെമടുത്തത്്. ഇതിനു ശേഷമാണ് സംസ്ഥാനത്ത് പദ്ധതിയുടെ നടപ്പാക്കല്‍ ചുമതലയുള്ള ഐ.ടി മിഷന്‍ ഏപ്രില്‍ 30ന് ഇതു സംബന്ധിച്ച് പുതിയ ടെണ്ടര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ജൂണ്‍ 15നാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. വകുപ്പു സെക്രട്ടറിമാരല്ലാതെ മറ്റു ഓഫീസുകളുടെ തലപ്പത്തിരിക്കുന്നവരൊന്നും ഇക്കാര്യം ഇതുവരെ അറിഞ്ഞില്ല എന്നതാണ് വസ്തുത. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ച സോഫ്ട്‌വെയറില്‍ ഉള്ള നിസ്സാര പിഴവുകളും സുരക്ഷാ കാരണങ്ങളാല്‍ നടപ്പിലാക്കാന്‍ കഴിയാത്ത നിര്‍ദേശങ്ങളും നെറ്റ്വര്‍ക്ക് തകരാറുകളുമെല്ലാം പെരുപ്പിച്ചുകാട്ടിയാണ് ഇ- ഓഫീസ് പിന്‍വലിക്കാനുള്ള നീക്കം സജീവമാവുന്നത്. ഇതുവരെ ഇരുപത് ലക്ഷത്തോളം ഫയലുകളും അറുപത് ലക്ഷത്തോളം തപാലുകളും നിര്‍മ്മിച്ചുകഴിഞ്ഞ ഇ-ഓഫീസ് സംവിധാനത്തിന്റെ പുനക്രമീകരണം സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുക. സര്‍ക്കാരിന്റെ സാമ്പത്തിക നില ഭദ്രമല്ലാത്തപ്പോള്‍ തന്നെ ഇത്തരമൊരു പുനക്രമീകരണം നടപ്പാക്കാന്‍ തിടുക്കം കാട്ടുന്നതിനു പിന്നില്‍ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.