സങ്കടക്കടലില്‍ മുങ്ങി കേരളം; കുവൈറ്റില്‍ മരിച്ചവരുടെ ചിതയണയും മുമ്പേ ലോക കേരളസഭ ആഘോഷവുമായി സര്‍ക്കാര്‍

Jaihind Webdesk
Thursday, June 13, 2024

 

തിരുവനന്തപുരം: കേരളം സങ്കടക്കടലിൽ അലമുറയിടുമ്പോൾ തലസ്ഥാനത്ത് പ്രവാസി ക്ഷേമം ഉയർത്തി സർക്കാരിന്‍റെ ലോക കേരള സഭ ആഘോഷം. കുവൈറ്റിൽ ദാരുണ ദുരന്തത്തിൽപ്പെട്ട 24 മലയാളികളുടെ ചിതയൊടുങ്ങും മുമ്പേ സർക്കാർ വക
ലോക കേരള സഭ ആഘോഷമാരംഭിക്കും. ലോകമെമ്പാടുമുള്ള മലയാളികൾ മുഖാമുഖം കാണുമ്പോൾ ചോദിക്കുന്ന ഏക ചോദ്യവും ഇതാണ്- കേരള സർക്കാരിന് ഇത് എന്തുപറ്റി ? പ്രവാസി ക്ഷേമം ലക്ഷ്യമിട്ടാണ് ലോക കേരള സഭ നടത്തുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ലോകമെമ്പാടും അപലപിക്കുന്ന ദുരന്തത്തിൽ ഇത്രയും മലയാളികളുടെ ജീവൻ വെടിഞ്ഞിട്ടും ദുഖാചരണം പോലും നടത്താതെ സർക്കാർ ആഘോഷവുമായി മുന്നോട്ടു പോവുന്നതിലെ പ്രശ്നം പ്രതിപക്ഷം അടക്കം എല്ലാവരും ചൂണ്ടിക്കാട്ടിയിട്ടും സർക്കാരിന് കുലുക്കമില്ല. വിവിധ രാജ്യത്തെ പ്രതിനിധികൾ കേരളത്തിൽ എത്തിയതിനാൽ ലോക കേരള സഭ മാറ്റാനാവില്ലെന്നാണ് ന്യായീകരണം.  സഭ ഒരു ദിവസത്തക്ക് നീട്ടിവെയ്ക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ല.

ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭാ  സമുച്ചയത്തിൽ നാളെ നടക്കുന്ന ലോക കേരളസഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി.  മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിന്‍റെ സമയം മാറ്റിയത്. എന്നാൽ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയെന്നാണ് ഇന്നലെ സർക്കാർ അറിയിച്ചിരുന്നത്. ഇന്ന് ആ അറിയിപ്പ് മറന്നു. വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോക കേരളസഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരുമെന്നും സർക്കാർ പറയുന്നു.

നാളെ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടി നോർക്ക സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. ആഗോള പ്രവാസികളുടെ ഉത്സവം എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന ലോക കേരളസഭയുടെ നാലാമത് സമ്മേളനമാണ്  15വരെ തലസ്ഥാനത്ത്  നടക്കുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് വേദി. പ്രവാസികളുടെ പ്രശ്നം ചർച്ചചെയ്യാനാണ് സമ്മേളനം എന്നാണ് സർക്കാർ പറയുന്നത്.  351 അംഗങ്ങളാണ് ഇത്തവണത്തെ സമ്മേളനത്തിൽ പങ്കെടുക്കുക. ചെലവിന് മൂന്നുകോടി രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ട്. സാംസ്‌കാരിക പരിപാടിക്ക് 25 ലക്ഷം, പ്രസാധനത്തിനും അച്ചടിക്കുമായി 15 ലക്ഷം, പരസ്യത്തിന് 10 ലക്ഷം, പ്രവാസി വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടിക്ക് 20 ലക്ഷം, സാംസ്‌കാരിക, ടൂറിസം പരിപാടികളുടെ ഫോട്ടോയും വീഡിയോകളും ലോകത്തുടനീളം പ്രദർശിപ്പിക്കാൻ 30 ലക്ഷം, ഭക്ഷണത്തിന് 10 ലക്ഷം, താമസത്തിന് 25 ലക്ഷം, വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, വിമാന ടിക്കറ്റിന് അഞ്ച് ലക്ഷം, മറ്റാവശ്യങ്ങൾക്ക് 20 ലക്ഷം ഇങ്ങനെ പോവുന്നു ചെലവുകൾ.

ലോക കേരളസഭ സെക്രട്ടേറിയറ്റിന് മാത്രം 50 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഇതിൽ 19 ലക്ഷം ഓഫീസ് ചെലവുകൾക്കാണ്. സഭയിലെ ശുപാർശകൾ നടപ്പാക്കാൻ 50 ലക്ഷമാണ് നീക്കിവച്ചിട്ടുള്ളത്. ചെലവ് ഇതിലും കൂടിയാൽ ധനവകുപ്പ് കൂടുതൽ പണം അനുവദിക്കും. തലസ്ഥാനത്തെ സമ്മേളനം കഴിഞ്ഞാൽ വിദേശത്ത് രണ്ട് മേഖലാ സമ്മേളനങ്ങളുണ്ടാവും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഇതിലും പങ്കെടുക്കും.