ഓണക്കാലത്ത് 7 ദിവസം കൊണ്ട് കേരളം കുടിച്ചത് 624 കോടിയുടെ മദ്യം; റെക്കോഡിട്ട് കൊല്ലം ബെവ്കോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കാല മദ്യവില്‍പനയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. 117 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി ഉത്രാടദിനത്തിൽ മാത്രം വിറ്റഴിച്ചത്. അതേസമയം ഈ വർഷത്തെ ഏറ്റവും കൂടുതൽ മദ്യ വിൽപ്പന നടന്നത്  കൊല്ലത്തെ ആശ്രാമത്തെ ബെവ്കോ മദ്യവിൽപനശാലയിലാണ്.

മുൻവർഷങ്ങളിലെ പോലെ സംസ്ഥാനത്ത് ഇത്തവണയും  മദ്യവിൽപനയിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ബിവറേജസ് കോർപ്പറേഷൻ. ഓണ ദിവസങ്ങളിലെ വിൽപ്പനയിലാണ് റെക്കോർഡിട്ടത്.  ഉത്രാടം നാളായ ബുധനാഴ്ച മാത്രം 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്കോ മദ്യവിൽപ്പനശാലകളിലൂടെ വിറ്റഴിച്ചത് . കഴിഞ്ഞ വർഷത്തെ ഓണത്തിന് ഉത്രാടം ദിനത്തിൽ 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണ് ഈ വർഷം 117 കോടിയുടെ മദ്യം വിറ്റഴിച്ചത് . ഇതോടെ 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വർഷം ബെവ്‌കോയ്ക്ക് ലഭിച്ചത്. ഓണം നാളുകളിലെ മൊത്തം വ്യാപാരത്തിലും ഇത്തവണ വലിയ ലാഭമാണ് ബെവ്കോയ്ക്ക് ഉണ്ടായിട്ടുള്ളത്. ഉത്രാടം വരെയുള്ള ഏഴ് ദിവസത്തിൽ മാത്രം 624 കോടി രൂപയുടെ മദ്യം വിൽക്കാനായി. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു.

കൊല്ലത്തെ ആശ്രാമം ബെവ്കോ ഔട്ട്‌ലെറ്റാണ് ഇത്തവണത്തെ റെക്കോർഡ് മദ്യവിൽപ്പനയിൽ മുന്നിൽ. അവിടെ 1 കോടി രൂപയ്ക്ക് മേലെയാണ് വില്‍പന നടന്നത്. ആശ്രാമം അടക്കം നാല് ഔട്ട്‌ലെറ്റുകളിൽ ഒരു കോടിയിലേറെ വ്യാപാരം നടന്നിട്ടുണ്ട്. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ, എന്നിവിടങ്ങളിലും ഇക്കുറി കോടികളുടെ  കച്ചവടം നടന്നിട്ടുണ്ട്.

Comments (0)
Add Comment