
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. നിലവിലുണ്ടായിരുന്ന പട്ടികയില്‍ നിന്നും 24,08,503 പേരെ ഒഴിവാക്കിയതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. വിവിധ കാരണങ്ങളാല്‍ ആകെ വോട്ടര്‍മാരുടെ 8.65 ശതമാനം പേരാണ് പട്ടികയ്ക്ക് പുറത്തായത്. വോട്ടര്‍മാര്‍ക്ക് voters.eci.gov.in എന്ന വെബ്സൈറ്റിലൂടെ സ്വന്തം പേര് പട്ടികയിലുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
തീവ്ര പുനഃപരിശോധനയുടെ ഭാഗമായി എന്യൂമറേഷന് ഫോം പൂരിപ്പിച്ചു നല്കിയ 2,54,42,352 (91.35%) പേരാണ് നിലവില്‍ കരട് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഒഴിവാക്കപ്പെട്ടവരില്‍ 6,49,885 പേര് മരിച്ചവരും, 6,45,548 പേര് സ്ഥലത്തില്ലാത്തവരോ കണ്ടെത്താന്‍ കഴിയാത്തവരോ ആണെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബാക്കിയുള്ളവര്‍ ഇരട്ടിപ്പുകള്‍ മൂലമോ എന്യൂമറേഷന് ഫോം നല്കുന്നതില് പരാജയപ്പെട്ടത് മൂലമോ ആണ് പുറത്തായത്.
കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും ഇന്ന് (ഡിസംബര്‍ 23) മുതല്‍ ജനുവരി 22 വരെ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. ഇതിനായി താഴെ പറയുന്ന ഫോമുകള്‍ ഓണ്‍ലൈനായോ ബി.എല്‍.ഒ വഴിയോ സമര്‍പ്പിക്കാം:
ഫോം 6: വോട്ടര്‍പ്പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍
ഫോം 6A: പ്രവാസി ഭാരതീയര്‍ക്ക് (NRI) പേര് ചേര്‍ക്കാന്‍
ഫോം 7: പേര് നീക്കം ചെയ്യാന്‍ (മരണം, സ്ഥലം മാറ്റം എന്നിവയ്ക്ക്)
ഫോം 8: വിലാസം മാറ്റാനോ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താനോ
പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് കൃത്യമായ കാരണങ്ങളുണ്ടെങ്കില്‍ പരാതി സമര്‍പ്പിക്കാം. ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസറുടെ തീരുമാനത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഒന്നാം അപ്പീല്‍ നല്‍കാം. ഇതിലും പരിഹാരമായില്ലെങ്കില്‍ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാവുന്നതാണ്. ലഭിക്കുന്ന പരാതികളും അവകാശവാദങ്ങളും പരിശോധിച്ച് ഫെബ്രുവരി 21-ന് അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും.