
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ രോഗികളുടെ ദുരിതം വര്‍ദ്ധിക്കുന്നു. ശമ്പളപരിഷ്കരണ കുടിശ്ശിക, ഡി.എ കുടിശ്ശിക എന്നിവ ഉടന്‍ അനുവദിക്കുക, ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്.
ഒപി വിഭാഗം ബഹിഷ്കരിച്ചുള്ള സമരം മൂലം സാധാരണക്കാരായ രോഗികളാണ് വലയുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ അഭാവത്തില്‍ പിജി ഡോക്ടര്‍മാരാണ് നിലവില്‍ ഒപികള്‍ നിയന്ത്രിക്കുന്നത്. ഈ മാസം 19 മുതല്‍ ശസ്ത്രക്രിയകളും മറ്റ് പ്രധാന ചികിത്സാ നടപടികളും നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. ചികിത്സയ്ക്ക് പുറമെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസുകളും ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചിട്ടുണ്ട്. ഇത് മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെയും പ്രതിസന്ധിയിലാക്കി. അത്യാഹിത വിഭാഗം, ഐസിയു തുടങ്ങിയ അവശ്യ സേവനങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ആറുമാസത്തോളം നീണ്ട സൂചനാ സമരങ്ങള്‍ നടത്തിയിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു. തങ്ങളെ സമരത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ബാക്കി നില്ക്കുന്ന ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നും കെ.ജി.എം.സി.ടി.എ ഭാരവാഹികള്‍ വ്യക്തമാക്കി. സമരവിവരം അറിയാതെ ദൂരസ്ഥലങ്ങളില്‍ നിന്നും എത്തിയ നിരവധി രോഗികള്‍ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നു. പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.