കേരളം 1500 രൂപ കോടി രൂപ കടമെടുത്തു : 7.85% പലിശ

Jaihind Webdesk
Wednesday, June 1, 2022

rbi

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് അയവുവരുത്താന്‍ സംസ്ഥാന സർക്കാർ 1500 കോടി രൂപ കടമെടുത്തു. കേന്ദ്ര സർക്കാരുമായുള്ള നീണ്ട തർക്കത്തിനൊടുവിലാണ്  കടമെടുക്കാന്‍ കേന്ദ്രാമുമതി ലഭിച്ചത്. റിസർവ് ബാങ്കിന്‍റെ ഇ–കുബേർ പോർട്ടൽ വഴി നടന്ന ലേലത്തിൽ 7.85% പലിശയ്ക്കായിരുന്നു കടമെടുക്കൽ. 12 വർഷം കൊണ്ടാണ് ഈതുക തിരിച്ചടയ്ക്കേണ്ടത്. മുൻപ് ശരാശരി 6.5 ശതമാനത്തിനു ലഭിച്ചിരുന്ന വികസന വായ്പ, റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയതിനെ തുടർന്നാണ് 7.5% കടന്നത്. ലേലത്തിൽ പങ്കെടുത്ത 11 സംസ്ഥാനങ്ങൾക്കും 7.5 ശതമാനത്തിനു മേൽ പലിശയ്ക്കാണ് വായ്പ ലഭിച്ചത്.

സംസ്ഥാന സർക്കാരിന്‍റെ ജാമ്യത്തിൽ കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുത്ത വായ്പ സംസ്ഥാന സർക്കാരിന്‍റെ കടമെടുക്കൽ പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്ന കേന്ദ്ര നിലപാടാണ് ഈ സാമ്പത്തിക വർഷം ആരംഭിച്ച് 2 മാസത്തോളം കടമെടുക്കൽ വൈകിപ്പിച്ചത്. കേരളത്തിന്‍റെ അഭ്യർഥന കണക്കിലെടുത്തു തൽക്കാലം 5,000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം രണ്ടാഴ്ച മുൻപ് അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു ഇന്നലത്തെ കടമെടുപ്പ്. ജിഎസ്ടി നഷ്ടപരിഹാരത്തുക കൂടി കേന്ദ്രം അനുവദിച്ചതിനാൽ ഈ മാസം ശമ്പളവും പെൻഷനും ക്ഷേമ പെൻഷനും തടസ്സം കൂടാതെ വിതരണം ചെയ്യാൻ സർക്കാരിനു കഴിയും.