കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്: 10 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Jaihind News Bureau
Monday, December 1, 2025

കണ്ണൂര്‍ കൂത്തുപറമ്പിലെ മൂര്യാട് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പത്ത് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

കുന്നപ്പാടി മനോഹരന്‍, നാനോത്ത് പവിത്രന്‍, പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍, പാട്ടാരി ദിനേശന്‍, കുളത്തുംകണ്ടി ധനേഷ്, കേളോത്ത് ഷാജി, അണ്ണേരി വിപിന്‍, പാട്ടാരി സുരേഷ് ബാബു, പാലേരി റിജേഷ്, വാളോത്ത് ശശി എന്നിവര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിലെ എട്ടാം പ്രതിയായ അണ്ണേരി വിപിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

2007 ഓഗസ്റ്റ് 16-നാണ് മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന് നിരയില്‍ വെച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായിരുന്ന പ്രമോദ് വെട്ടേറ്റു മരിച്ചത്. പ്രമോദിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രകാശന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതികള്‍ വാള്‍, കത്തിവാള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.

കേസിലെ രണ്ടുമുതല്‍ 11 വരെ പ്രതിയാക്കപ്പെട്ടവരെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതിയായിരുന്ന സി.പി.എം. ലോക്കല്‍ സെക്രട്ടറി താറ്റ്യോട്ട് ബാലകൃഷ്ണന്‍ വിചാരണക്കിടെ മരിച്ചിരുന്നു. പ്രതികള്‍ ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്.