കൊവിഡ് മരണം : സംസ്ഥാനത്ത് ദിനംപ്രതി പൊലിയുന്നത് നൂറോളം ജീവനുകള്‍ ; രാജ്യത്തെ അഞ്ചിലൊന്നും കേരളത്തില്‍

Jaihind Webdesk
Monday, January 31, 2022

രാജ്യത്തെ കൊവിഡ് മരണങ്ങളില്‍ അഞ്ചിലൊന്നും  കേരളത്തിലെന്ന് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണനിരക്കാണ് കേരളത്തില്‍. ഡെത്ത് ഓഡിറ്റ്‌ നടത്തി മരണകാരണം കണ്ടെത്തെണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ജനുവരി 1 മുതല്‍ മുപ്പത് വരെയുളള കാലയളില്‍ 1,127 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുന്‍പുണ്ടായ മരണങ്ങളില്‍ ബന്ധുക്കള്‍ അപ്പീല്‍ നൽകിയതോടെ 4,546 മരണങ്ങളും ജനുവരിയില്‍ മാത്രം സ്ഥിരീകരിച്ചു.

പ്രതിദിന മരണക്കണക്കുകള്‍ ഉയരാന്‍ തുടങ്ങിയത് ജനുവരി 22 മുതലാണ്. വെറു പത്തു ദിവസത്തിനിടെ ജീവന്‍ പൊലിഞ്ഞത് 649 പേര്‍ക്കാണ്. ഈ കാലയളവില്‍ രാജ്യത്തെ ആകെ മരണം 3,638 മാത്രം. അതായത് പതിനെട്ട് ശതമാനം പേര്‍ കേരളത്തിന്‍റെ കണക്കില്‍.

മരണക്കണക്കുകള്‍ ഉയര്‍ന്നു തുടങ്ങിയതോടെ ആരോഗ്യവകുപ്പ് ഒൌദ്യോഗിക റിലീസില്‍ പ്രതിദിന മരണങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയിലും മാറ്റം വരുത്തി. അതത് ദിവസം സ്ഥിരീകരിക്കുന്ന മരണങ്ങളും മുന്‍ ദിവസങ്ങളിലെ മരണങ്ങളും രണ്ടായി നല്‍കി തുടങ്ങി. ഇങ്ങനെ പ്രതിദിന മരണക്കണക്ക് 15 ല്‍ താഴെയെത്തിച്ചു. പ്രതിദിന മരണങ്ങള്‍ വളരെക്കുറച്ച് മാത്രമേ അതത് ദിവസം രേഖപ്പെടുത്താറുള്ളു എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ നോക്കിയാല്‍ ഓരോ ദിവസവും നൂറോളം പേര്‍ മരണത്തിന് കീഴടങ്ങുന്നതായി കാണാം.

രോഗവ്യാപനം ഉച്ചസ്ഥായിയിലെത്തി ഒരാഴ്ച കഴിയുമ്പോഴാണ് മരണക്കണക്കുകള്‍ കുതിക്കുന്നതെന്നതും ജാഗ്രത ആവശ്യപ്പെടുന്നു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഐസിയു കിടക്കകളിലെ രോഗികളുടെ എണ്ണം 53 ശതമാനവും വെന്‍റിലേറ്റര്‍ സഹായം ആവശ്യമുള്ളവരുടെ എണ്ണം 56 ശതമാനവും വര്‍ധിച്ചതും ആശങ്ക കൂട്ടുന്നു. ജീവിതശൈലീ രോഗങ്ങളുള്ളവരുടെ എണ്ണക്കൂടുതല്‍, പ്രമേഹം തുടങ്ങിയവ ഉയര്‍ന്ന മരണ സംഖ്യയ്ക്ക് പിന്നിലുണ്ട്.

കഴിഞ്ഞ രണ്ടു തരംഗങ്ങളിലും കൊവിഡ് ബാധിച്ച് വീട്ടില്‍ക്കഴിഞ്ഞ ആളുകള്‍ ചികില്‍സ തേടാന്‍ വൈകിയത് മരണനിരക്ക് കൂടാന്‍ കാരണമായതായി പിന്നീട് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ പടരുന്ന കൊവിഡ് വെറും ജലദോഷപ്പനിയായി അവസാനിക്കുന്നില്ലെന്നാണ് പെരുകുന്ന മരണക്കണക്കുകളിലെ സൂചന.