സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90 ശതമാനവും വാക്സീന്‍ എടുക്കാത്തവർ

Jaihind Webdesk
Thursday, September 9, 2021

കേരളത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചവരില്‍ 90% പേര്‍ ഒരു ഡോസ് വാക്‌സീന്‍ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്‍റെ പഠനത്തില്‍ കണ്ടെത്തി. ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയശേഷം, ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ 3 വരെ കൊവിഡ് ബാധിച്ചു മരിച്ച 9195 പേരില്‍ വാക്‌സീന്‍ എടുത്തിരുന്നത് 905 പേര്‍ മാത്രമാണ്.

വാക്‌സീന്‍ എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള 92% പേര്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയെന്നാണ് സര്‍ക്കാരിന്‍റെ കണക്കെങ്കിലും പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേര്‍ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്നും ഇവര്‍ ജാഗ്രത പാലിക്കണമെന്നുമുള്ള സൂചന കൂടിയാണ് ഈ റിപ്പോര്‍ട്ട്.

വാക്‌സീന്‍ എടുത്തശേഷം കൊവിഡ് വന്നു മരിച്ചവരില്‍ ഏതാണ്ട് 700 പേര്‍ ഒരു ഡോസ് മാത്രം എടുത്തവരാണ്. മരിച്ചവരില്‍ ഏതാണ്ട് 200 പേരാണ് 2 ഡോസും എടുത്തിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരായിരുന്നുവെന്നാണ് വിലയിരുത്തല്‍.

ഡെല്‍റ്റ വകഭേദം മൂലം രോഗവ്യാപനം തീവ്രമായ ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത് തൃശൂര്‍ ജില്ലയിലാണ് 1021പേര്‍. ഇതില്‍ ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തത് 60 പേര്‍ മാത്രമായിരുന്നു. പാലക്കാട്ടു മരിച്ച 958 പേരില്‍ ഒരു ഡോസ് വാക്‌സീന്‍ എടുത്തിരുന്നത് 89 പേര്‍ മാത്രം. വാക്‌സീന്‍ എടുത്തശേഷം അന്‍പതിലേറെപ്പേര്‍ മരിച്ച മറ്റു ജില്ലകള്‍ എറണാകുളം 81, കോഴിക്കോട് 74, മലപ്പുറം 73, പത്തനംതിട്ട 53.

രണ്ടു ഡോസും എടുത്തശേഷം മരിച്ചവര്‍ ഓരോ ജില്ലയിലും ശരാശരി 15 മാത്രം. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഗുരുതര രോഗങ്ങളുള്ളവരുമായ 9 ലക്ഷത്തോളം പേര്‍ വാക്‌സീന്‍ എടുക്കാന്‍ തയാറാകുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മരിച്ച 9195 പേരില്‍ 6200 പേര്‍ ഗുരുതര രോഗബാധിതരായിരുന്നു. 2995 പേരാണ് കാര്യമായ രോഗങ്ങളില്ലാതെ കോവിഡിനു കീഴടങ്ങിയത്.