ഓണത്തിനു കേരളം കുടിച്ചുതീർത്തത് 759 കോടിയുടെ മദ്യം! സർവകാല റെക്കോർഡ്; ജനപ്രിയന്‍ ‘ജവാന്‍’, സർക്കാരിന് ഓണം ബമ്പർ

Thursday, August 31, 2023

 

തിരുവനന്തപുരം: ഓണക്കാലത്ത് കേരളം കുടിച്ചുതീര്‍ത്തത് 759 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 57 കോടിയുടെ അധിക മദ്യം കുടിച്ച് മലയാളി സർവകാല റെക്കോർഡ് കുറിച്ചു. കൂടുതൽ വിറ്റഴിഞ്ഞത് ജവാൻ റം ആണ്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിലാണ്.

ഓണ സീസണിൽ 10 ദിവസം കൊണ്ടാണ് ബെവ്കോ  759 കോടി രൂപയുടെ മദ്യം വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 57 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ ഉണ്ടായത്. ഈ മാസം 21 മുതല്‍ 30 വരെയുള്ള ബെവ്‌കോയുടെ കണക്കാണ് പുറത്തുവന്നത്. ഇതിലൂടെ സര്‍ക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടര ശതമാനം വര്‍ധനയാണ് ഉണ്ടായത്.

കഴിഞ്ഞ വർഷത്തെ ഓണക്കാല മദ്യ വിൽപ്പന 700 കോടിയായിരുന്നങ്കിൽ ഇത്തവണ പുതിയ റെക്കോർഡ് കുറിച്ച്
759 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. ഉത്രാട ദിനത്തിലായിരുന്ന ഏറ്റവും കൂടുതൽ മദ്യം വിറ്റഴിഞ്ഞത്. 116 കോടി രൂപയുടെ മദ്യമായിരുന്നു ഉത്രാട ദിനത്തിൽ മാത്രം വിറ്റഴിഞ്ഞത്. കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്ലെറ്റ് വഴിയാണ്. 7 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. അവിട്ട ദിനത്തിൽ 91 കോടി രൂപയുടെ മദ്യവിൽപ്പന സംസ്ഥാനത്ത് നടന്നു. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ബ്രാന്‍ഡ് ജവാൻ റം ആണ്. ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റർ ജവാനാണ് ഈ ഓണക്കാലത്ത് വിറ്റത്.

മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ബെവ്‌കോ അതിന്‍റെ ഔട്ട്‌ലെറ്റുകൾക്ക് നേരത്തെ തന്നെ സർക്കുലർ നൽകിയിരുന്നു. ഏറ്റവും കൂടുതൽ ഡിജിറ്റൽ പേമെന്‍റ് നടത്തുന്ന ഔട്ട്‌ലെറ്റുകൾക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്തായാലും ഓണം ബമ്പർ നറുക്കെടുക്കും മുമ്പുതന്നെ മലയാളിയെ കുടിപ്പിച്ച് കോടികളുടെ ബമ്പറടിച്ചിരിക്കുയാണ് ബെവ്കോ.