തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ പേര് രണ്ടാമത് എഴുതിച്ചേർത്തതാണെന്ന പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ, ഗണേഷ് കുമാറിനെ മുന്നണിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് മാണി വിഭാഗം. മുന്നണിയിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ ഗണേഷിനെ മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെടും. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഈ മാസം 24ന് മാണി വിഭാഗത്തിന്‍റെ ഉന്നതാധികാരസമിതി യോഗം കോട്ടയത്ത് ചേരും.
ഗൂഢാലോചന നടത്തിയവർക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാനാണ് കേരള കോൺഗ്രസ് എം തയാറെടുക്കുന്നത്. സോളാർ കേസിലെ പരാതിക്കാരിയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കെ.ബി. ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിക്കാനാണ് തീരുമാനം. ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേര് പരാതിക്കാരിയുടെ കത്തിൽ എഴുതിച്ചേർക്കുകയായിരുന്നു എന്നാണ് ഫെനി വെളിപ്പെടുത്തയത്. ഗണേഷ് കുമാറിനെ ഇടതുമുന്നണിയിൽനിന്നു പുറത്താക്കാണമെന്ന് എൽഡിഎഫിനോട് ആവശ്യപ്പെടാൻ 24 ന് ചേരുന്ന ഉന്നതാധികാരസമിതി യോഗം തീരുമാനിക്കും. മുന്നണി അതിനു തയാറായില്ലെങ്കിൽ, ഗണേഷിനെ മുൻ ധാരണപ്രകാരം മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന നിലപാടാകും സ്വീകരിക്കുക.
ഗണേഷ് കുമാറിനെതിരേ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന ചിന്ത കേരള കോൺഗ്രസ് (എം) നേതൃത്വത്തിനുണ്ട്. ഇടതുമുന്നണിയുടെ ഭാഗമായതിനാൽ സിപിഎം നേതാക്കൾക്കെതിരെ തൽക്കാലം ആരോപണം ഉന്നയിക്കില്ല. എന്നാൽ പുതിയ അന്വേഷണം വന്നാൽ അതിനനുസരിച്ചുള്ള തീരുമാനം പാർട്ടി സ്വീകരിക്കും. നിലവിൽ കേരള കോൺഗ്രസ് എമ്മിനെ ഇടതു മുന്നണിയിൽതന്നെ നിർത്തേണ്ട ആവശ്യം സിപിഎമ്മിനാണ്. അതിനാൽ തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നാണ് പാർട്ടിയുടെ കണക്കുക്കൂട്ടൽ.