കോട്ടയം: നവകേരള സദസ് വേദിയിൽ കോട്ടയം എംപി തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചതിന് പിന്നാലെ കേരള കോൺഗ്രസ് എമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തി. ഇതു സംബന്ധിച്ച് ഒരു വിഭാഗം നേതാക്കൾ പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. അതേസമയം കേരളാ കോൺഗ്രസ് സംഭവത്തിൽ പ്രതികരണം നടത്താതത് കീഴടങ്ങലാണെന്ന പ്രതിപക്ഷത്തിന്‍റെ വിമർശനം കേരള കോൺഗ്രസ് അണികളെ അസ്വസ്ഥരാക്കുന്നുണ്ട്.
നവകേരള സദസ് വേദിയിൽ തോമസ് ചാഴിക്കാടൻ എം പി നടത്തിയ സ്വാഗത പ്രസംഗത്തിൽ റബർ വില തകർച്ച അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചിരുന്നു. എന്നാൽ പരാതി അറിയിക്കാനുള്ള വേദിയല്ല നവ കേരള സദസെന്നും എംപിക്ക് ഇക്കാര്യം ബോധ്യപ്പെടാത്തത് നിർഭാഗ്യകരമായി പോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കേരളാ കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ പാലായിൽ വെച്ച് തോമസ് ചാഴിക്കാടനെ ശ്വാസിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം കേരള കോൺഗ്രസിന് മുഖത്തേറ്റ പ്രഹരമായി. മുഖ്യമന്ത്രിയുടെ ശാസന കേരളാ കോൺഗ്രസിന്‍റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന വികാരമാണ് പ്രവർത്തകർക്കുള്ളത്.
മുഖ്യമന്ത്രി എംപിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നടത്തിയതെന്നും ഇതിൽ തങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ഒരു വിഭാഗം നേതാക്കൾ പാർട്ടി നേതൃത്വത്തിനെ അറിയിച്ചു. എം പിയെ പരിഹസിച്ച മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ പാർട്ടിയുടെ സൈബർ ഗ്രൂപ്പുകളിലും പ്രതിഷേധം ഉയർന്നു. ചാഴിക്കാടനെ പിന്തുണച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും വ്യാപകമായ പോസ്റ്റുകൾ പാർട്ടിയുടെ സൈബർ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ നേതൃത്വത്തിന് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് എം പൂർണ്ണമായും സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും നിയന്ത്രണത്തിൽ ആണെന്നും വിമർശനമുയരുന്നു.