ഗണേഷ് കുമാറിന്‍റെ സെക്രട്ടറിയുടെ അറസ്റ്റ് ; ഇടതുമുന്നണിയില്‍ തുടരാനില്ലെന്ന് കേരള കോൺഗ്രസ് (ബി) ; പാർട്ടിയെ തകർക്കാന്‍ ശ്രമമെന്ന് വിമർശനം

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ യുടെ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇടതുമുന്നണി-കേരള കോൺഗ്രസ് ബന്ധം വഷളാകുന്നു. പൊലീസിനെ ഉപയോഗിച്ച് കേരള കോൺഗ്രസ് (ബി)യെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പാർട്ടിയുടെ പൊതു വികാരം. അവഹേളനം സഹിച്ച് ഇനിയും ഇടത് മുന്നണിയിൽ തുടരേണ്ടതില്ലെന്ന് അഭിപ്രായം ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും കേരള കോൺഗ്രസ് (ബി) നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

യു.ഡി.എഫ് വിട്ട് വന്ന കേരള കോൺഗ്രസ് (ബി)ക്ക് ഇടത് മുന്നണി അർഹമായ പ്രതിനിധ്യം നൽകിയില്ലെന്ന വികാരമാണ് തുടക്കം മുതൽ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഉളളത്.ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ വീട് വളഞ്ഞ് സെക്രട്ടറിയായ പ്രദീപ് കോട്ടാത്തലയെ അറസ്റ്റ് ചെയ്തത്. കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ കൂടിയായ ഗണേഷ് കുമാറിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുക കൂടി ചെയ്തതതോടെ ഇടത് മുന്നണിയും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. കേരള കോൺഗ്രസ് (ബി) പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പാണിത്.

പൊലീസിനെ ഉപയോഗിച്ച് കേരള കോൺഗ്രസ് (ബി)യെ തകർക്കാനുളള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് മോൻസി തോമസ് വ്യക്തമാക്കുന്നു. ഗണേഷ്‌കുമാറിന്റെ വസതിയിൽ സൂര്യോദയത്തിന് മുമ്പ് പ്രദീപിനെ അറസ്റ്റ് ചെയ്തിട്ടും കലിയടങ്ങാതെ പൊലീസ് പട്ടാപ്പകൽ എം.എൽ എയുടെ വീട് റെയ്ഡ് ചെയ്തത് പാർട്ടിയെ പൊതു സമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നത് തുല്യമാണെന്നും വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.അവഹേളനം സഹിച്ച് ഇനിയും ഇടത് മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് ഭുരിഭാഗം ജില്ലാ കമ്മിറ്റികളുടെയും പൊതു വികാരം.

ഭരണം ലഭിച്ചിട്ടും മന്ത്രിസഭയിലോ സർക്കാർ സമിതികളിലോ വേണ്ട പ്രാധാന്യം പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്ന പരാതിയും നേതാക്കൾക്കും അണികൾക്കുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ അർഹമായ പ്രാതിനിധ്യം ഇടത് മുന്നണിയിൽ നിന്നും ലഭിച്ചില്ലെന്നും ലഭിച്ച സീറ്റുകളിൽ റിബലുകളെ നിർത്തി പാർട്ടി തകർക്കാൻ ശ്രമിക്കുന്നതായും കേരളകോൺഗ്രസ് നേതാക്കൾ ചൂണ്ടികാട്ടുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുളള യാതൊരു ശ്രമവും ഇടത് മുന്നണിയുടെ ഭാഗത്ത നിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ കേരളകോൺഗ്രസിന് അധികകാലം ഇടത് മുന്നണിയിൽ തുടരാനാകില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

https://youtu.be/246zSJex0gU

Comments (0)
Add Comment